കടലിലും കാക്കും 
മത്സ്യത്തൊഴിലാളികളെ ; ട്രോളിങ്‌ നിരോധനത്തിനുള്ള ഒരുക്കം പൂർത്തിയാക്കി ഫിഷറീസ്‌ വകുപ്പ്‌



തിരുവനന്തപുരം ട്രോളിങ്‌ നിരോധനം തുടങ്ങാൻ രണ്ടുനാൾ ശേഷിക്കെ ഒരുക്കം പൂർത്തിയാക്കി  സംസ്ഥാനസർക്കാർ. ആറായിരം യാനമാണ്‌ ഒമ്പതിന്‌ അർധരാത്രിമുതൽ ജൂലൈ 31വരെയുള്ള നിരോധനകാലയളവിൽ തീരത്ത്‌ നങ്കൂരമിടുക. ഇതുമായി ബന്ധപ്പെട്ട്‌ മത്സ്യത്തൊഴിലാളികൾക്ക്‌ രണ്ടുമാസത്തെ സൗജന്യറേഷനും തൊഴിലാളികളുടെ 1500 രൂപ വിഹിതവുംചേർത്ത്‌ 4500 രൂപ വിതരണം ചെയ്യും. ഈ കാലയളവിൽ പരമ്പരാഗത മത്സ്യബന്ധനത്തിന്‌ തടസ്സമില്ല. വിഴിഞ്ഞത്തുൾപ്പെടെ കണവ, കൊഞ്ച്‌, വാള, മാന്തൾ, കിളിമീൻ എന്നിവയുടെ സീസണാണ്‌ ഈ കാലയളവ്‌. മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ ജീവൻപൊലിയാതിരിക്കാനുള്ള നടപടിക്കാണ്‌ ഫിഷറീസ്‌ വകുപ്പ്‌ മുൻഗണന നൽകുന്നത്‌. അപകടങ്ങളും മരണവും ഒഴിവാക്കാൻ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു. തീരദേശ ജില്ലകൾക്ക്‌ കടൽ പട്രോളിങ്ങിനും രക്ഷാപ്രവർത്തനത്തിനും ആവശ്യമായ തുക അനുവദിച്ചു. കലക്ടർമാരുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം പൂർത്തീകരിച്ചു. അന്യ സംസ്ഥാന ബോട്ടുകൾ ട്രോളിങ്‌ നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിനായി തീരദേശ കലക്ടർമാർ നിർദേശം നൽകി. അനധികൃതമായി മത്സ്യബന്ധനത്തിന്‌ ഇറങ്ങുന്ന യാനങ്ങൾ പിടിച്ചെടുക്കാൻ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും കടൽ പട്രോളിങ് നടത്തും. പ്രധാന നടപടികൾ ● 24 മണിക്കൂറും പ്രവർത്തിക്കുന്ന തീരദേശ കൺട്രോൾ റൂമുകൾ മെയ് 15ന്‌ തുറന്നു.   ● ഈ കാലയളവിൽ കടൽ രക്ഷാപ്രവർത്തനം, പട്രോളിങ്‌ എന്നിവയ്ക്ക്‌ ഒമ്പത്‌ തീരദേശജില്ലയിൽ 20 സ്വകാര്യ ബോട്ട്‌ വാടകയ്ക്കെടുക്കും. ● വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന്‌ മറൈൻ ആംബുലൻസും ഒരുക്കും ● വിദഗ്‌ധ പരിശീലനം നേടിയ 83 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ സുരക്ഷാ സേനാംഗങ്ങളായി നിയോഗിക്കും Read on deshabhimani.com

Related News