പതിനാറുകാരനെ പീഡിപ്പിച്ച ട്രാൻസ്‌ജെൻഡറിന്‌ 7 വർഷം തടവ്‌



തിരുവനന്തപുരം> പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്‌ജൻഡറിന്‌ ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. ചിറയിൻകീഴ് ആനത്തലവട്ടം എൽപിഎസിന് സമീപം സച്ചു സാംസ(34)നെയാണ്‌ തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്‌. സംസ്ഥാനത്ത്‌ ആദ്യമായാണ്‌ ഒരു ട്രാൻസ്‌ജെൻഡർ ശിക്ഷിക്കപ്പെടുന്നത്‌. 2016 ഫെബ്രുവരി 23നാണ്‌ കേസിനാസ്‌‌പദമായ സംഭവം. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന കുട്ടിയെ പ്രതി പരിചയപ്പെട്ട്‌ തമ്പാനൂർ പബ്ലിക്‌ കംഫർട്ട് സ്റ്റേഷനിലെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. പ്രതിക്കൊപ്പം പോകാൻ കുട്ടി വിസമ്മതിച്ചെങ്കിലും ഭീഷണിപ്പെടുത്തി കൊണ്ടുപോയി. പീഡനത്തിൽ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിൽ വിളിച്ച് കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി പോയില്ല. നിരന്തരം മെസേജുകൾ അയച്ചതും കുട്ടി പലപ്പോഴും ഫോണിൽ സംസാരിക്കുന്നതിൽ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. കുട്ടി ഫോൺ ബ്ലോക്ക് ചെയ്‌തപ്പോൾ പ്രതി ഫെയ്‌സ്‌ബുക്കിലൂടെ മെസേജുകൾ അയച്ചു. കുട്ടിയുടെ ഫെയ്‌സ്‌ബുക്‌ അമ്മയുടെ ഫോണിൽ ടാഗ്‌ ചെയ്‌തിട്ടുണ്ടായിരുന്നു. മെസേജുകൾ കണ്ട അമ്മ പ്രതിക്ക് മറുപടി അയച്ചതിനെത്തുടർന്നാണ്‌, പീഡനത്തിന്റെ വിവരം അറിയുന്നത്. തുടർന്ന് കുട്ടിയോട് വിവരം തിരക്കി. തമ്പാനൂർ പൊലീസിനെ ഉടനെ വിവരം അറിയിച്ചു. പൊലീസ് നിർദേശപ്രകാരം അമ്മ പ്രതിക്ക് മെസേജുകൾ അയച്ച്‌ തമ്പാനൂരെത്തിച്ചു, തുടർന്ന്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയിൽ ട്രാൻസ്‌വുമണായി മാറി. സംഭവ സമയത്തും ട്രാൻസ്‌ജെൻഡറായിരുന്നെന്നും ഷെഫിൻ എന്നായിരുന്നു പേരെന്നും പ്രതി വാദിച്ചിരുന്നു. എന്നാൽ, സംഭവസമയത്ത്‌ പ്രതിയുടെ ലൈംഗികശേഷി പരിശോധന പൊലീസ്‌ നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ആർ എസ്‌ വിജയ്‌മോഹൻ,  എം മുബീന, ആർ വൈ അഖിലേഷ് എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ ഏഴ് സാക്ഷികളെ വിസ്‌തരിച്ചു. പന്ത്രണ്ട് രേഖ ഹാജരാക്കി. തമ്പാനൂർ എസ്ഐയായിരുന്ന എസ്‌ പി പ്രകാശായിരുന്നു കേസന്വേഷിച്ചത്‌. Read on deshabhimani.com

Related News