ട്രെയിൻ റദ്ദാക്കൽ; വലഞ്ഞ്‌ യാത്രക്കാർ, അധിക സർവീസുമായി കെഎസ്‌ആർടിസി



തിരുവനന്തപുരം > സംസ്ഥാനത്ത്‌ ട്രെയിൻ നിയന്ത്രണത്തെ തുടർന്ന്‌ ഞായറാഴ്‌ചയും  യാത്രാദുരിതം.  ദീർഘ, ഹ്രസ്വ ദൂരയാത്രികരെ യാത്രാപ്രശ്‌നം ഒരുപോലെ ബാധിച്ചു. തിരുവനന്തപുരം  ഡിവിഷനിലെ വിവിധയിടങ്ങളിൽ പാളത്തിൽ അറ്റകുറ്റപ്പണിയെ തുടർന്നാണ്‌ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി  ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തിയത്‌.  ഞായർ മാത്രം 19 ട്രെയിൻ റദ്ദാക്കിയിരുന്നു. ഇന്ന്‌ 3 ട്രെയിൻ റദ്ദാക്കി തിങ്കളാഴ്ചത്തെ ലോക്‌മാന്യതിലക്‌ ടെർമിനൽ - കൊച്ചുവേളി ഗരീബ്‌രഥ്‌ (12201), നിലമ്പൂർ റോഡ്‌–- കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ്‌ (16350), മധുര –- തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്‌ (16344) എന്നിവ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. അധിക സർവീസുമായി കെഎസ്‌ആർടിസി യാത്രക്കാരെ സഹായിക്കാൻ 110  സർവീസുകൾ ഞായറാഴ്‌ച കെഎസ്‌ആർടിസി അധികമായി നടത്തി. ഞായറാഴ്‌ചകളിൽ താരതമ്യേന കുറച്ച്‌ സർവീസുകൾ നടത്താറുള്ള കെഎസ്‌ആർടിസി പ്രവർത്തനക്ഷമമായ മുഴുവൻ ബസും  നിരത്തിൽ ഇറക്കുകയായിരുന്നു. ഏറ്റവും കൂടുതൽ സർവീസുകൾ നടത്തിയത്‌ എറണാകുളം - തൃശൂർ പാതയിലാണ്‌. മധ്യകേരളത്തിലെ വിവിധ ഡിപ്പോകളിൽനിന്ന്‌ 40 ദീർഘദൂര സർവീസും നടത്തി. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും കൂടുതൽ സർവീസുകൾ നടത്താനുള്ള ക്രമീകരണമൊരുക്കിയിട്ടുണ്ടെന്ന്‌ കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു.  Read on deshabhimani.com

Related News