സ്‌പെഷ്യൽ ട്രെയിനില്ല; 
പൂജയ്‌ക്കും തിക്കിത്തിരക്കണം



പാലക്കാട്‌ > ഓണത്തിനെന്ന പോലെ മലയാളികളുടെ പൂജാ അവധി യാത്രയും ദുരിതപാളത്തിൽ. ഓണത്തിന്‌ പേരിനെങ്കിലും സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചെങ്കിൽ പൂജയ്‌ക്ക്‌ രണ്ട്‌ സർവീസ്‌ മാത്രം. തിരുവനന്തപുരത്തുനിന്ന്‌ ജാർഖണ്ഡിലെ ടാറ്റാ നഗറിലേക്കും തിരിച്ചുമുള്ള രണ്ടെണ്ണം.   തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ ഒക്ടോബർ ഒന്ന്‌, എട്ട്‌ തീയതികളിലും തിരിച്ച്‌ നാലിനും 11നുമാണ്‌ യാത്ര ആരംഭിക്കുക. ഇതിൽ എസി ത്രീ ടയർ ടിക്കറ്റുകൾ തീർന്നു. സ്ലീപ്പർ ടിക്കറ്റുകളുണ്ട്‌. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ്‌ പൂജ അവധി.  ഞായർ, തിങ്കൾ അവധിയായതിനാൽ മറുനാടൻ മലയാളികൾക്ക്‌ നാലുദിവസം നാട്ടിൽ കൂടാം. എന്നാൽ ട്രെയിനില്ലാത്തത്‌ തിരിച്ചടിയാണ്‌.   സാധാരണ ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. ബംഗളൂരുവിൽനിന്നും തിരിച്ചുള്ളതുമായ ട്രെയിനുകളിൽ മിക്കതിലും സ്ലീപ്പർ കോച്ചിൽ വെയിറ്റിങ് ലിസ്‌റ്റ്‌ നൂറിന്‌ മുകളിലാണ്‌. തേർഡ്‌ എസിയിലും വെയിറ്റിങ് ലിസ്‌റ്റ്‌ തന്നെ. കൊച്ചുവേളി - മൈസൂരു, കൊച്ചുവേളി - ബംഗളൂരു ഹം സഫർ, കന്യാകുമാരി - ബംഗളൂരു, യശ്വന്ത്‌പുർ എക്‌സ്‌പ്രസുകളിലെല്ലാം സ്ലീപ്പർ ടിക്കറ്റുകൾ വെയിറ്റിങ് ലിസ്‌റ്റാണ്‌. ചെന്നൈയിലേക്കും തിരികെയുള്ളതുമായ ട്രെയിനുകളിലും സ്ഥിതി വ്യത്യസ്‌തമല്ല. ഷാലിമാർ എക്‌സ്‌പ്രസ്‌, ആലപ്പി - ചെന്നൈ, മംഗളൂരു - എംജിആർ ചെന്നൈ, രപ്‌തിസാഗർ, തിരുവനന്തപുരം - ചെന്നൈ തുടങ്ങി എല്ലാ ട്രെയിനിലും ദിവസങ്ങൾക്കുമുന്നേ ടിക്കറ്റ്‌ തീർന്നു.   ■ തൽക്കാൽ 
കൊള്ള വീണ്ടും   ആഘോഷവേളകളിലെ തിരക്ക്‌  മുതലാക്കി ജനറൽ ക്വാട്ടയിലെ സ്ലീപ്പർ, എസി ടിക്കറ്റുകളുടെ എണ്ണംകുറച്ച്‌ തൽക്കാൽ, പ്രീമിയം തൽക്കാൽ ക്വാട്ട വർധിപ്പിച്ച്‌ റെയിൽവേ കൊള്ള നടത്തുന്നുണ്ട്‌. വിശേഷവേളകളിൽ സാധാരണ ദിവസങ്ങളേക്കാൾ ഉയർന്ന തുകയാണ്‌ പ്രീമിയം തൽക്കാലിന്‌ ഈടാക്കുന്നത്‌.   പാലക്കാടുനിന്ന്‌ ചെന്നൈവരെ നിലവിൽ സ്ലീപ്പർ ടിക്കറ്റ്‌ നിരക്ക്‌ 355 രൂപയാണ്‌. തൽക്കാലിന്‌ 100 രൂപ വർധിച്ച്‌ 455 ആകും. എന്നാൽ പ്രീമിയം തൽക്കാൽ നിരക്ക്‌ 1,020 രൂപയാണ്‌.  തിരക്കുള്ള സമയങ്ങളിൽ ട്രെയിൻ പുറപ്പെടുന്നതിന്‌ തൊട്ടുമുന്നേ തൽക്കാലിനേക്കാൾ  ഉയർന്ന നിരക്കിൽ ടിക്കറ്റ്‌ വിൽക്കും.   പ്രീമിയം തൽക്കാലിന്‌ തിരക്കേറുമ്പോൾ നിരക്കും കൂടും. സാധാരണ സ്ലീപ്പർ എ സി ടിക്കറ്റുകൾ തീർന്നതിനാൽ തൽക്കാൽ പ്രീമിയം തൽക്കാൽ ടിക്കറ്റുകളെയാണ്‌ യാത്രക്കാർ ആശ്രയിക്കുക. ആകെ സീറ്റിന്റെ 20 ശതമാനമാണ്‌ പ്രീമിയം തൽക്കാലിലേക്ക്‌ നീക്കിവയ്‌ക്കുന്നതെങ്കിലും തിരക്ക്‌ കൂടുമ്പോൾ  35ശതമാനംവരെയാക്കുന്നുണ്ട്‌. Read on deshabhimani.com

Related News