ട്രാക്കിലേക്ക് മരം വീണു; കോട്ടയം- എറണാകുളം പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു

വൈക്കം റോഡ് റയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിലേക്ക് വീണ മരം യാത്രക്കാര്‍ വെട്ടി മാറ്റുന്നു


കടുത്തുരുത്തി> കനത്ത മഴയില്‍  വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാവിലെ 7.50 ഓടെ പാലരുവി എക്‌സ്പ്രസ് വൈക്കം റോഡ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് മരക്കമ്പ് ട്രാക്കിലേക്ക് വീണ് കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്.ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ലോക്കോ പൈലറ്റും ട്രെയിനിലെ സ്ഥിരം യാത്രക്കാരും ചേര്‍ന്ന്  മരക്കമ്പ് വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.ഇതുമൂലം ഇരുപത് മിനിട്ടോളം വൈകി ആണ് പാലരുവി എക്സ്പ്രസ്സ് യാത്ര തുടര്‍ന്നത്. യാത്രക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് കോട്ടയം- എറണാകുളം പാതയില്‍ ഏറെ നേരം ഗതാഗതം തടസം ഉണ്ടാകാതിരുന്നത്.പിന്നാലെ എത്തിയ വേണാട് എക്‌സ്പ്രസ് അടക്കമുള്ള തീവണ്ടികള്‍ സമയക്രമം പാലിച്ച് തന്നെ ഇതേ പാതയിലൂടെ യാത്ര തുടര്‍ന്നു.   Read on deshabhimani.com

Related News