തിരൂർ നോട്ടിരട്ടിപ്പ് കേസ്‌; പ്രതികൾ സജീവ മുസ്ലിംലീഗ് പ്രവർത്തകർ



തിരൂർ > നോട്ടിരട്ടിപ്പിന്റെ പേരിൽ തിരൂരിലെ വീട്ടിൽനിന്നും 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികൾ സജീവ മുസ്ലിംലീഗ് പ്രവർത്തകർ. കേസിലെ മുഖ്യപ്രതിയായ കണ്ണൂർ പരിയാരം പുതിയവീട്ടിൽ റിവാജിന് ഉന്നത ലീഗ് നേതൃത്വവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിലെ മറ്റു പ്രതികൾ മുംബൈയിലും ബംഗളൂരുവിലുമായി  ഒളിവിലുണ്ടെന്നാണ്‌ സൂചന. ഒരു കോടി രൂപയ്ക്ക് പകരം ഖത്തറിലുള്ള മകൻ അജ്മലിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ നിക്ഷേപിക്കുമെന്ന് വിശ്വസിപ്പിച്ച് തിരൂർ പയ്യനങ്ങാടി ചിറക്കൽ കുഞ്ഞുമുഹമ്മദിന്റെ വീട്ടിൽനിന്നും 80 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ സംഘത്തിലെ മുഖ്യ സൂത്രധാരനായ റിവാജിനെ ചോദ്യംചെയ്തപ്പോഴാണ്‌ ലീഗ് നേതാക്കളുമായുള്ള ബന്ധം പുറത്തുവരുന്നത്. സംഘത്തിൽപ്പെട്ട 9 പ്രതികളിൽ പലരും മുസ്ലിംലീഗ് പ്രവർത്തകരും കാസർകോട്, കണ്ണൂർ ജില്ലകളിലെ ഉന്നത ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുള്ളവരുമാണ്. നിരവധി കേസുകളിൽ പ്രതിയായ റിവാജ് ലീഗ് നേതാക്കളുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. തിരൂരിൽനിന്നും പണം തട്ടിയെടുത്ത് മുങ്ങിയ സംഘത്തിലെ മറ്റു പ്രതികൾ മുംബൈയിലേക്ക് മുങ്ങിയപ്പോൾ റിവാജ് കണ്ണൂരിൽതന്നെ താമസിച്ചതും ലീഗ് നേതൃത്വം സംരക്ഷിക്കുമെന്ന ഉറപ്പിലായിരുന്നുവെന്ന്  ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. പ്രതിയെ കസ്റ്റഡിയിൽ കിട്ടി കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ പൂർണമായ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് തിരൂർ സിഐ ടി പി ഫർഷാദ് പറഞ്ഞു. മുസ്ലിംലീഗിനായി കണ്ണൂരിൽ അക്രമങ്ങൾ നടത്തിവന്നിരുന്ന റിവാജ് എഎസ്ഐയെ വധിക്കാൻ ശ്രമിച്ചതടക്കം 17 കേസുകളിൽ പ്രതിയായി കാപ്പ ചുമത്തി ജയിലിലായിരുന്നു. 2010ൽ സിപിഐ എം പ്രവർത്തകരെ ആക്രമിച്ചതും 2014ൽ മണൽ കള്ളക്കടത്ത് തടഞ്ഞ എഎസ് പി ശിവ വിക്രമനെയും സംഘത്തേയും ആക്രമിച്ചതും 2015ൽ എഎസ്ഐ കെ എം രാജനെ ജാക്കി ലിവർകൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചതടക്കമുള്ള കേസുകളിലാണ് ഗുണ്ടാ ആക്ടിൽപ്പെട്ടത്. കാസർകോട്ടെ സ്വർണ കള്ളക്കടത്ത് മാഫിയാ സംഘത്തിലും റിവാജ് അടക്കമുള്ള സംഘത്തിന് ബന്ധമുള്ളതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ റിമാൻറിലായ റിവാജിനെ കോവിഡ്  പരിശോധനാ ഫലം ലഭിച്ചശേഷം തിരൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. Read on deshabhimani.com

Related News