തുടരട്ടേ... അനുരാഗത്തിന്റെ ദിനങ്ങൾ: ഹരിദാസും സുമതിയും ഒരുമിച്ചു



കുന്നംകുളം> സ്‌കൂൾമുറ്റത്തു പൂത്തുപൊഴിഞ്ഞ പ്രണയവല്ലരി വീണ്ടും തളിരിടുമ്പോൾ പിറകിലായത്‌ 35 വർഷത്തെ വിരഹനൊമ്പരം. ഒരുമിപ്പിക്കാൻ പഴയ സഹപാഠികൾ മുൻകൈയെടുത്തപ്പോൾ തളിർത്തത്‌ സൗഹൃദത്തിന്റെ തണൽ. തിമിലവാദകൻ കലാമണ്ഡലം ഹരിദാസും ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ എ വി സുമതിയും വരണമാല്യമണിഞ്ഞത്‌ ജാതിയുടെ വേലിക്കെട്ടുകളെ  അകറ്റിനിർത്തിയാണ്‌. ഇനി  ഹരിദാസിനും  സുമതിക്കും പുതുജീവിതം. സ്‌കൂൾ സൗഹൃദത്തിനിടെ മനസ്സിൽ കുരുത്ത മോഹം സഫലമാക്കിയത്‌  ‘തണൽ' കൂട്ടായ്‌മ. മരത്തംകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1987 മാർച്ചിലെ എസ്എസ്എൽസി ബാച്ച് വിദ്യാർഥികളായിരുന്നു  ഹരിദാസും  എ വി സുമതിയും. പഠനകാലത്ത് ഹരിദാസ്‌ സുമതിയുമായി സൗഹൃദത്തിലായിരുന്നുവെങ്കിലും  ജാതിവരമ്പുകൾ ലംഘിക്കാൻ ഇരുവരും ഭയന്നു. പഴയ സ്‌കൂ‌ൾകൂട്ടായ്‌മയിൽ ഇവർ രണ്ടുപേർ മാത്രം അവിവാഹിതരായി തുടർന്നു. സുഹൃത്തുക്കൾ   നിർബന്ധിച്ചിട്ടും  ഇരുകൂട്ടരും വിവാഹത്തിന് തയ്യാറായില്ല. അക്കിക്കാവ് കാഞ്ചിയത്ത് വീട്ടിൽ പരേതരായ ശങ്കരനാരായണന്റെയും  ദാക്ഷായണിയമ്മയുടെയും മകനായ ഹരിദാസ് ഇപ്പോൾ പഞ്ചവാദ്യത്തിൽ തിമിലവാദകനായ  കലാമണ്ഡലം ഹരിദാസാണ്‌. ഇയ്യാൽ അരിക്കാട്ടിരി പരേതനായ വേലായുധൻ – കുഞ്ഞുമോൾ ദമ്പതികളുടെ മകളായ സുമതിയാകട്ടെ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. തിരക്കുകളൊഴിഞ്ഞ ജീവിതവും  ഒറ്റപ്പെടലുകളും ഇരുവരെയും വീണ്ടും ഒന്നിപ്പിച്ചു. കൂട്ടായി നിന്നത് സഹപാഠിയും ഇപ്പോൾ അതേ സ്‌കൂളിൽ പ്രധാനാധ്യാപികയുമായ റംലയും സുഹൃത്തുക്കളുമായിരുന്നു. ഒടുവിൽ ലളിതമായ ചടങ്ങുകളോടെ തിങ്കളാഴ്ച ചിറമനേങ്ങാട് കുന്നമ്പത്തുകാവ് ഭഗവതിക്ഷേത്രത്തിൽ ഇരുവരും  വിവാഹിതരായി.  അടുത്ത ബന്ധുക്കളെകൂടാതെ പഴയ എസ്‌എസ്‌എൽസി ബാച്ചിലെ  അമ്പതോളം സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. സുമതി സിപിഐ എം പന്നിത്തടം ബ്രാഞ്ചംഗവും  മഹിളാ അസോസിയേഷൻ പ്രവർത്തകയുമാണ്. എ സി മൊയ്‌തീൻ എംഎൽഎ വധൂവരന്മാരെ ആശീർവദിക്കാനെത്തിയിരുന്നു. Read on deshabhimani.com

Related News