ജനഹൃദയങ്ങളിലൂടെ ഈ അശ്വമേധം; തൃക്കാക്കരയില്‍ ജോ ജോസഫിന് വന്‍വരവേല്‍പ്പ്‌

തൃക്കാക്കര കുന്നെപ്പറമ്പിൽ കനത്ത മഴയിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെ കുതിരപ്പുറത്ത് കയറ്റി സ്വീകരിക്കുന്നു


തൃക്കാക്കര> ജനമുന്നേറ്റത്തിന്റെ കുതിരക്കുളമ്പടി മുഴക്കിയാണ്‌ കാക്കനാട്‌ കുന്നേപ്പറമ്പിൽ ഡോ. ജോ ജോസഫിനെ വരവേറ്റത്‌. പൂക്കളും ബലൂണുകളുമായി കാത്തുനിന്ന സ്‌ത്രീകളടക്കം ജനക്കൂട്ടത്തിലേക്ക്‌ കുതിരപ്പുറത്തേറി ഡോക്ടർ ജോ വന്നു. സെഞ്ചുറിയിലൂടെ ഇടതുപക്ഷത്തിന്റെ ദിഗ്‌വിജയവും നാടിന്റെ ഭാവിയും ലക്ഷ്യമിടുന്ന പോരാളിയുടെ അശ്വമേധം. താളവാദ്യങ്ങൾക്കിടയിലൂടെ പൂക്കളും ബലൂണുകളുമായി ആളുകൾ വരിനിന്ന്‌ നീങ്ങിയപ്പോൾ  അതൊരു ചെറുറാലിയായി. ‘നിങ്ങളുടെ ഈ സ്‌നേഹവർഷത്തിൽ ചുറ്റും തിമിർക്കുന്ന പെരുമഴ ഞാൻ അറിയുന്നേയില്ല’ എന്ന്‌ ഡോ. ജോ ജോസഫിന്റെ മറുപടി.   വാഴക്കാല സ്വദേശി നൗഷാദ്‌ മുളയ്‌ക്കാംപിള്ളിയുടെ  ‘നൂറ’ എന്ന പെൺകുതിരയാണ്‌ സ്ഥാനാർഥിയുടെ സാരഥിയായത്‌. ഗുജറാത്തിൽനിന്ന്‌ എത്തിച്ച കുതിരയ്‌ക്ക്‌ എട്ടുവയസ്സാണ്‌. ഗുഡ്‌ ഫോർചൂൺ, രാജ, നൈറ്റിങ്ഗേൾ എന്നീ കുതിരകളും നൗഷാദിന്റെ ഫാമിലുണ്ട്‌. അവിടെനിന്ന്‌ കെന്നഡിമുക്ക്‌, തുരുത്തേപ്പറമ്പുവഴി മരോട്ടിച്ചുവടിലേക്ക്‌. ഇടയ്‌ക്ക്‌ ആശ്വാസവുമായി മരണവീട്ടിലെത്തി. ദേശീയ  കവല റേഷൻകട ജങ്ഷനിൽ കൂറ്റൻ പൂമാലയും പുഷ്‌പകിരീടവും അണിയിച്ചാണ്‌ ഡോ. ജോ ജോസഫിനെ സ്വീകരിച്ചത്‌.  വരിക്കച്ചക്കയും കൈതച്ചക്കയും നൽകിയാണ്‌ മൈത്രീപുരത്ത്‌ എതിരേൽപ്പ്‌. ജയിക്കട്ടെ ജയിക്കട്ടെ, ജോ ജോസഫ്‌ നയിക്കട്ടെ എന്ന മുദ്രവാക്യങ്ങളുമായി യുവാക്കൾ. ബിഎം നഗറിൽ  കാത്തുനിന്ന ഖദീജുമ്മയുടെ സ്‌നേഹം. പ്രതികൂല കാലാവസ്ഥയിലും നിറയുന്ന ജനക്കൂട്ടം തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ മുന്നേറ്റം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്‌. സ്‌ത്രീകളും കുട്ടികളും കൂടാതെ മുമ്പൊരിക്കലും ഇടതുവേദികളിലേക്ക്‌ എത്താത്തവരും  ഓരോ സ്വീകരണകേന്ദ്രത്തിലും എത്തുന്നു. നഗരസഭയിൽ യുഡിഎഫ്‌ സ്വാധീന മേഖലകളിൽ  ഇത്തരം മാറ്റങ്ങൾ പ്രകടം. കുടുംബശ്രീ വാർഷികത്തിന് ശ്രേയസ്‌ യൂണിറ്റ്‌ തയ്യാറാക്കിയ കേക്കുമുറിച്ചാണ്‌ മില്ലുംപടി റോഡിൽ ഉച്ചവരെയുള്ള പര്യടനം അവസാനിപ്പിച്ചത്‌. എംഎൽഎമാരായ എ എൻ ഷംസീറും കെ പ്രേംകുമാറും ഒപ്പമുണ്ടായി. Read on deshabhimani.com

Related News