അപരന്മാരും ചതിച്ചാശാനേ



കൊച്ചി അപരന്മാരാണ്‌ കാണപ്പെട്ട ദൈവങ്ങൾ. രാഷ്‌ട്രീയ പോരാട്ടത്തിന്‌ ത്രാണിയില്ലാതെ വരുമ്പോൾ എതിർസ്ഥാനാർഥിയുടെ പേരുള്ള ഏതെങ്കിലും ഒരാളെ തപ്പിപ്പിടിക്കും. വാഗ്‌ദാനങ്ങളുടെ പെരുമഴയിൽ കളത്തിലിറക്കും.  പലമണ്ഡലങ്ങളിലും പയറ്റിയിട്ടുള്ള ഈ അടവ്‌ തൃക്കാക്കരയിൽ പരീക്ഷിക്കാതെ വയ്യല്ലോ. പാർടിയുടെയോ സ്ഥാനാർഥിയുടെയോ ഗുണഗണങ്ങൾ പറഞ്ഞാൽ വോട്ട്‌ കിട്ടിയില്ലെങ്കിൽ മറ്റെന്തു പോംവഴി. പോരാട്ടം എറണാകുളത്താണെങ്കിലും അപരൻ വയനാട്ടിൽനിന്നും വരും എന്നാണല്ലോ ചൊല്ല്‌. അതുകൊണ്ടാണ്‌ പതിവുപോലെ തൃക്കാക്കരയ്‌ക്ക്‌ പറ്റിയ  അപരനെ തപ്പി കോൺഗ്രസ്‌ നേതാക്കൾ അങ്ങോട്ടുതന്നെ വണ്ടിപിടിച്ചത്‌. വയനാട്ടിൽ മാത്രമല്ല, ഭൂമിമലയാളത്തിൽ പരക്കെത്തപ്പി എന്നാണ്‌ കേൾവി.   പ്രതിപക്ഷനേതാവിന്റെ സ്‌റ്റാഫ്‌, ബന്ധുക്കൾ, അയൽക്കാർ, അടുത്ത പരിചയം എന്നിങ്ങനെ തുടങ്ങി ഫെയ്‌സ്‌ബുക്‌ പോസ്‌റ്റിൽ ലൈക്കടിച്ചവരെവരെ തപ്പി. കോൺഗ്രസ്‌ എംഎൽഎമാർമുതൽ 137 രൂപ മെമ്പർഷിപ്പിൽ വീണ അബദ്ധങ്ങളെവരെ തിരഞ്ഞു. ഒന്നും ഫലിക്കാതെ വന്നപ്പോഴാണ്‌ വണ്ടി പിടിച്ച്‌ ജില്ലാ പര്യടനത്തിനിറങ്ങിയത്‌. മാളുകൾമുതൽ  കുലുക്കി സർബത്ത്‌ കടവരെ നിരങ്ങിയിട്ടും തേടിയ വള്ളിമാത്രം കൈയിൽ ചുറ്റിയില്ല. രണ്ടുവർഷംമുമ്പത്തെ എറണാകുളം ഉപതെരഞ്ഞെടുപ്പുകാലത്താണ്‌ കോൺഗ്രസുകാർ ഇതുപോലൊരു ജനസമ്പർക്കം നടത്തിയത്‌. ആലുവവരെ എത്തിയപ്പോൾ ആളെ കിട്ടി. അൻവർ സാദത്ത്‌ എംഎൽഎയുടെ പെട്ടിക്കാരനായിരുന്നു കക്ഷി.  പറഞ്ഞതിലും കൂടുതൽ വാങ്ങി കച്ചവടമുറപ്പിച്ചു. മനു റോയിയായി വേഷം മാറി. അങ്ങനെ 2572 വോട്ട്‌ ചോർത്തിയപ്പോൾ കോൺഗ്രസ്‌ നേതാവ്‌ ടി ജെ വിനോദ്‌ 3750 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതിന്റെ തഴമ്പ്‌ തടവിയാണ്‌ തൃക്കാക്കര–-വയനാട്‌ കോറിഡോറിൽ കോൺഗ്രസ്‌ നേതാക്കളുടെ കാറോടിയത്‌. അപരന്മാരെ കിട്ടാഞ്ഞിട്ടല്ല. ആരു വിചാരിച്ചാലും രക്ഷയില്ല സാറേ എന്ന കോറസ്‌ അവരിൽനിന്ന്‌ കേട്ടപ്പോഴാണ്‌ കാർ  എറണാകുളത്തേക്ക്‌ തിരിച്ചുവിട്ടതെന്നാണ്‌ വാർത്ത. പേരിൽ ചെറിയൊരു സാദൃശ്യമുള്ളയാളെ ചങ്ങനാശേരിയിൽനിന്ന്‌ കിട്ടിയതുമാത്രം മിച്ചം. അതെങ്കിൽ അത്‌, ഇരിക്കട്ടെ.   Read on deshabhimani.com

Related News