ജോറാണ് ഈ കൂട്ടുകാരും; ജോ ജോസഫിനെ സ്വീകരിക്കാന്‍ പ്രിയപ്പെട്ട കൂട്ടുകാരനും

കോട്ടയം മെഡിക്കൽ കോളേജിലെ 1996 ബാച്ച് സഹപാഠികളുടെ കൂട്ടായ്മയിൽ എത്തിയ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്, അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ച ഡോ. ജിജോ ജോസിനൊപ്പം


കൊച്ചി> അഞ്ചാംക്ലാസ് മുതൽ ഒപ്പം പഠിച്ച കൂട്ടുകാരനെ കണ്ട സന്തോഷത്തിലായിരുന്നു തൃക്കാക്കര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി ഡോ. ജോ ജോസഫ്‌. കൂട്ടുകാരൻ ഡോ. ജിജോ ജോസും പ്രിയപ്പെട്ട ‘ജോ’യെ സ്വീകരിക്കാൻ കാത്തുനിന്നു. കാക്കനാട്‌ മാവേലിപുരം റെക്ക ക്ലബ്ബായിരുന്നു കൂട്ടുകാരുടെ സംഗമവേദി. കോട്ടയം മെഡിക്കൽ കോളേജ്‌ 1996 ബാച്ചിന്റെ സംഗമത്തിലാണ്‌ ഡോ. ജോ ജോസഫ്‌ കൂട്ടുകാർക്കൊപ്പം ഒത്തുചേർന്നത്‌. പാലാ മരിയൻ മെഡിക്കൽ സെന്ററിലെ ഡോ. പ്രീതി പ്രദീപും സൺറൈസ്‌ ആശുപത്രിയിലെ ഡോ. നാദിയ ജാഫറും വടവാതൂർ ഇഎസ്‌ഐ ആശുപത്രിയിലെ ഡോ. എബി മാത്യുവുമെല്ലാം പ്രിയപ്പെട്ട ജോയ്‌ക്ക്‌ വിജയാശംസ കൈമാറി. കോട്ടയം, ‌എറണാകുളം, ഇടുക്കി ജില്ലകളിലെ 45 ഡോക്ടർമാരാണ്‌ സംഗമത്തിനെത്തിയത്‌. കിടങ്ങൂർ ലിറ്റിൽ ലൂർദ്‌ മിഷൻ, കോട്ടയം ഭാരത്‌ ആശുപത്രികളിൽ ഓർത്തോപീഡിക്‌ സർജനായ ജിജോ ജോസ്‌, പാലാ സെന്റ്‌ വിൻസെന്റ്‌ സ്‌കൂളിലാണ്‌ അഞ്ചാംക്ലാസ് മുതൽ ജോ ജോസഫിനൊപ്പം പഠിച്ചത്‌. അരുവിത്തറ സെന്റ്‌ ജോർജ്‌ കോളേജിൽ പ്രീഡിഗ്രിക്ക്‌ ഒപ്പംചേർന്നു. 1996 മുതൽ 2002 വരെ കോട്ടയം മെഡിക്കൽ കോളേജിൽ. ഡോക്ടറുടെ ആത്മാർഥതയും കഴിവും തൃക്കാക്കരയ്‌ക്ക്‌ ലഭിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ ഡോ. പ്രീതി പ്രദീപ്‌ പറഞ്ഞു. പഠനത്തിൽ അഗ്രഗണ്യനായ ജോ, സാമൂഹ്യപ്രവർത്തനത്തിലും സജീവമായിരുന്നുവെന്ന്‌ ഡോ. നാദിയ ഓർമിക്കുന്നു. താൻ ചെയർമാനായി മത്സരിച്ചപ്പോൾ പോസ്‌റ്റർ ഒട്ടിക്കാൻമുതൽ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പംനിന്നയാളാണ്‌ ജോ എന്ന്‌ ഡോ. എബി മാത്യു പറഞ്ഞു. രോഗികളുമായി വ്യക്തിബന്ധമുണ്ടാക്കാൻ സാധിച്ചത്‌ വലിയ നേട്ടമായി കരുതുന്നുവെന്ന്‌ ഡോ. ജോ ജോസഫ്‌ കൂട്ടുകാരോട്‌ പറഞ്ഞു. എന്ത്‌ ചെയ്‌താലും ആത്മാർഥമായി ചെയ്യുക എന്നതിലാണ്‌ പൂർണമായി വിശ്വസിക്കുന്നതെന്നും പറഞ്ഞാണ്‌ സ്ഥാനാർഥി യാത്രയായത്‌. Read on deshabhimani.com

Related News