5 കോടിയുടെ കസ്‌തൂരിയുമായി യുവാക്കൾ പിടിയിൽ; കൊന്നത് മൂന്ന് കസ്തൂരി മാനിനെ

കസ്‌‌തൂരിയുമായി പിടിയിലായ എം റിയാസ്‌, ടി പി സാജിദ്‌, കെ ആസിഫ്‌


ചെറുപുഴ> പാടിയോട്ടുചാലിലെ ആളൊഴിഞ്ഞ വീടിനു സമീപത്തുനിന്ന്‌ അഞ്ചു കോടി രൂപയുടെ കസ്‌‌തൂരിയുമായി മൂന്നുപേർ പിടിയിൽ. സുഗന്ധദ്രവ്യമായ കസ്‌തൂരി വിൽക്കാൻ കൊണ്ടുപോകുന്നതിനിടയിലാണ്‌ പാടിയോട്ടുചാൽ സ്വദേശികളായ എം റിയാസ്, ടി പി സാജിദ്, കെ ആസിഫ് എന്നിവരെ കണ്ണൂർ ഫ്ളൈയിങ്‌ സ്‌ക്വാഡ്‌ റെയ്‌ഞ്ച്‌ ഓഫീസറും സംഘവും പിടികൂടിയത്‌. കസ്‌തൂരിമാനിൽനിന്ന്‌ ശേഖരിച്ച കസ്‌തൂരി പത്തനംതിട്ട സ്വദേശികൾക്കാണ്‌ വിൽക്കാൻ ശ്രമിച്ചത്‌. പയ്യന്നൂരിൽ കാത്തുനിൽക്കുന്നതിനിടയിലാണ്‌ സംഘം പിടിയിലായത്‌. അഞ്ച്‌ കോടി രൂപ വില ഉറപ്പിച്ചാണ് സംഘം കസ്‌തൂരി വിൽപ്പനയ്ക്കായി കൊണ്ടുപോയത്. പിടികൂടിയ കസ്‌തൂരി  തുടർനടപടിക്കായി തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർക്ക്‌ കൈമാറി. മൂന്ന്‌ കസ്‌‌തൂരിമാനിനെ കൊന്നാണ്‌ കസ്‌തൂരി ശേഖരിച്ചത്‌. മാനിന്റെ വയറിന്റെ ഭാഗത്തുനിന്നാണ്‌  ഈ സുഗന്ധദ്രവം ലഭിക്കുന്നത്‌. വന്യജീവിസംരക്ഷണ നിയമപ്രകാരം കസ്‌തൂരിമാനിനെ വേട്ടയാടുന്നത്‌ മൂന്ന് മുതൽ എട്ടുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിന്‌  ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിൽ കണ്ണൂർ ഫ്‌ളൈയിങ്‌ സ്‌ക്വാഡ്‌  ഡിഎഫ്‌ഒ അജിത്ത് കെ രാമന്റെ നിർദേശ പ്രകാരം കണ്ണൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റർ  കെ  വി ജയപ്രകാശനും സംഘവുമാണ്‌ ഇവരെ പിടികൂടിയത്‌. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ  ചന്ദ്രൻ, പി ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഡി ഹരിദാസ്, ലിയാണ്ടർ എഡ്വേർഡ്, കെ വി ശിവശങ്കർ, പി പി  സുബിൻ, സീനിയർ ഫോറസ്റ്റ് ഡ്രൈവർ ടി പ്രജീഷ് എന്നിവരാണ്‌ സംഘത്തിലുണ്ടായത്‌.   Read on deshabhimani.com

Related News