ജാതി, മത ചിന്തകൾക്കതീതമായി ഇടതുപക്ഷം 
മനുഷ്യരെ ഒരുമിപ്പിച്ചു: ഡോ ടി എം തോമസ്‌ ഐസക്‌

സെമിനാർ ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു


പത്തനംതിട്ട > ജാതി,  മത ചിന്തകൾക്കീതതമായി മനുഷ്യനെ മനുഷ്യനായും തൊഴിലാളിയെ തൊഴിലാളിയായും കൃഷിക്കാരനെ കൃഷിക്കാരനായും കാണാൻ പ്രേരിപ്പിച്ച  സാമൂഹ്യ ഘടന  കേരളത്തിൽ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷപ്രസ്ഥാനം  നിർണായക പങ്ക് വഹിച്ചുവെന്ന്  സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു.   വൈക്കം സത്യ​ഗ്രഹ സമര കാലത്ത് രൂപപ്പെട്ട് വന്ന സാമൂഹ്യാന്തരീക്ഷത്തിൽ കൃത്യമായ ഇടപെടലാണ് ഇടതുപക്ഷം നടത്തിയത്. കേരളത്തിന്റെ സാമൂഹ്യ ഘടനയിൽ കാതലായ മാറ്റം വരാൻ അത് ഇടയാക്കുകയും ചെയ്‌തു. വി എസ് ചന്ദ്രശേഖരപിള്ള പഠന ​ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വൈക്കം സത്യ​ഗ്ര ശതാബ്ദിയാഘോഷത്തിന്റെ ഭാ​ഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ഐസക്ക്.  അക്കാലത്ത് ഉയർന്ന് വന്ന തൊഴിലിടങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് കൂലി വർധനവിന് എല്ലാ ജാതി, മത വിഭാ​ഗങ്ങൾക്കും ഒന്നിച്ച് നിന്ന് പോരാടേണ്ടി വന്നു. അവിടെ ജാതിക്കും മതത്തിനും  ഒന്നും പ്രസക്തിയില്ലാതായി. വ​ർ​ഗഐക്യം എന്ന വലിയ മുദ്രാവാക്യം കേരളീയ സമൂഹത്തിൽ സന്നിവേശിപ്പിക്കുന്നതിനും ഒരു പരിധിവരെ ഇത് സഹായിച്ചു. ഈ സാമൂഹ്യാന്തരീക്ഷം കേരളത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണ്.   വീണ്ടും ആ പഴയ കാലത്തേക്ക് തിരികെകൊണ്ടു പോകാനാണ്  വലതുപക്ഷ വർ​ഗീയ ശക്തികൾ ശ്രമിക്കുന്നത്. ആർഎസ്എസ് എന്നെങ്കിലും എവിടെയെങ്കിലും ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയോ  അയിത്തത്തിനെതിരെയോ പ്രവർത്തിച്ചിട്ടുണ്ടോ.  രാജ്യത്തെ ഭരണഘടനയേക്കാളും  വലുത് മനുസ്മൃതിയാണെന്ന് നീതിന്യായ സംവിധാനത്തെ കൊണ്ടു തന്നെ പറയിപ്പിക്കുന്ന അവസ്ഥയാണ്  കാണുന്നത്. ഈ തിരിച്ചുപോക്ക് അപകടമാണ്. ഇതിനെ ചെറുത്തേ മതിയാകു.   വസ്തുതകൾക്ക് മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ചരിത്രബോധം ഇല്ലാത്ത  സമൂഹമായി നാം  മാറരുത്. ശ്രീനാരായണ ​ഗുരുവടക്കം നടത്തിയ നവേത്ഥാന പോരാട്ടങ്ങൾക്കൊപ്പം ഇടതുപക്ഷം കേരളീയ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം മറന്ന് മുന്നോട്ട് പോകാൻ സാധിക്കില്ല, തോമസ് ഐസക്ക് പറഞ്ഞു.   ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ ​ഗവേഷണ കേന്ദ്രം ഡയറക്ടർ എ പത്മകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗം അഡ്വ. ഓമല്ലൂർ ശങ്കരൻ സംസാരിച്ചു. ​ഗവേഷണ കേന്ദ്രത്തിലെ അം​ഗത്വ വിതരണം ഡോ. ടി എം തോമസ് ഐസക്കിൽ  നിന്ന് അം​ഗത്വം സ്വീകരിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്‌തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം രാജു ഏബ്രഹാം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  കെ അനന്തഗോപൻ  എന്നിവർ സന്നിഹിതരായി. പ്രൊഫ. വിവേക് നന്ദി പറഞ്ഞു. Read on deshabhimani.com

Related News