കേരളത്തെ വിദ്വേഷത്തിന്റെ നാടാക്കാൻ ബിജെപി ശ്രമം: തോമസ് ഐസക്

എൽഡിഎഫ് ചിറയിൻകീഴ് മണ്ഡലം പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം 
ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു


ചിറയിൻകീഴ് > ഇടതുമുന്നണി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന ഭയത്താൽ യുഡിഎഫും ബിജെപിയും നാടിന്റെ താൽപ്പര്യത്തിന്‌ എതിരായ സമീപനം സ്വീകരിക്കുന്നുവെന്ന് ഡോ. തോമസ് ഐസക്.   രണ്ടുവർഷം പൂർത്തിയാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഭരണപുരോഗതിയും ഭാവിവികസന പ്രവർത്തനങ്ങളും വിശദീകരിക്കാൻ എൽഡിഎഫ് സംഘടിപ്പിച്ച ചിറയിൻകീഴ് മണ്ഡലം ബഹുജന റാലിയും പൊതുസമ്മേളനവും ശാർക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കള്ളപ്പണമുള്ളത് ബിജെപിക്കാണ്. പ്രതിപക്ഷ പാർടികളെ അസ്ഥിരപ്പെടുത്തുന്നതിനായാണ് 2000 രൂപയുടെ നോട്ട് നിരോധിച്ചത്.   കേരളത്തെ വിദ്വേഷത്തിന്റെ സംസ്ഥാനമാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നു. ലോകത്ത് എല്ലാവർക്കും വീടുള്ള സംസ്ഥാനമായി കേരളം മാറാൻ പോകുകയാണ്. യുഡിഎഫ് അധികാരത്തിൽനിന്ന് പുറത്തുപോകുമ്പോൾ 600 രൂപയായിരുന്ന സാമൂഹ്യസുരക്ഷാ പെൻഷനുകൾ ഇതിനകം 1600 രൂപയാക്കി വർധിപ്പിച്ചു.   കിഫ്ബി എടുത്ത വായ്പ കേരളത്തിന്റെ പൊതുകടമാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സർക്കാരിനെ എങ്ങനെ അസ്ഥിരപ്പെടുത്താമെന്ന ആലോചനയാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ നടക്കുന്നതെന്നും ഡോ. ഐസക് പറഞ്ഞു. വി ശശി എംഎൽഎ അധ്യക്ഷനായി. മന്ത്രി വി ശിവൻകുട്ടി, വി ജോയി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, എ ഷൈലജാബീഗം, എസ് ലെനിൻ, മുല്ലശേരി മധു, സിപിഐ സംസ്ഥാന കൗൺസിൽ അംഗം മനോജ്‌ ബി ഇടമന, സിപിഐ മണ്ഡലം സെക്രട്ടറി ഡി ടൈറ്റസ്, മംഗലാപുരം ഷാഫി, കെ ഷാജി, പൂജപ്പുര രാധാകൃഷ്ണൻ, കോരാണി സനൽ, കെ പുഷ്കരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News