ചെന്നിത്തലയ്‌ക്ക് തെരഞ്ഞെടുപ്പ് വിഭ്രാന്തി; ഹൈക്കോടതിയുടെ തീര്‍പ്പും ബോധ്യപ്പെടുമോയെന്ന് കണ്ടറിയണം: മന്ത്രി ഐസക്



തിരുവനന്തപുരം > തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ പ്രതിപക്ഷ നേതാവ് വിഭ്രാന്തിയുടെ അവസ്ഥയിലാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. അതുമൂലമുള്ള ജല്‍പനങ്ങളാണ് ദിവസവും പുറത്തുവരുന്നത്. നാടിനെകുറിച്ച് അദ്ദേഹത്തിന് കാഴ്ചപാടില്ല. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിങ്ങുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ സമീപനവും ഇതേ നിലയിലായിരുന്നു. അതാണ് ഹൈക്കോടതി തള്ളിയത്. സോഫ്ടുവെയറില്‍ കേന്ദ്രസര്‍ക്കാര്‍കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ച്ചേര്‍ക്കുന്നതിന്റെ സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം 2019---20 ലെ ഓഡിറ്റ് ആരംഭിക്കാമെന്ന സര്‍ക്കാര്‍നിര്‍ദ്ദേശത്തെ അഴിമതി മറച്ചുവയ്ക്കുന്നതിനുള്ള കുതന്ത്രമായിട്ടാണ് പ്രതിപക്ഷ നേതാവ് ചിത്രീകരിച്ചത്. സാധ്യമായ എല്ലാ രേഖകളുംസഹിതം പല മാര്‍ഗത്തില്‍ വസ്തുത ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും അദ്ദേഹം തൃപ്തനായില്ല. ഹൈക്കോടതി തീര്‍പ്പും അദ്ദേഹത്തിന് ബോധ്യപ്പെടുമേയെന്ന് കണ്ടറിയണം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പലതരത്തില്‍ തെറ്റിധാരണകള്‍ പരത്താനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിങ്ങിന്റെയും അക്കൗണ്ടിങ്ങിന്റെയുമൊക്കെ കാര്യത്തില്‍ കേരളം ദേശീയതലത്തില്‍ മാതൃകയാണ്. ഇതില്‍ എല്ലാ കക്ഷികളും നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളുണ്ടെന്നതും മറക്കരുത്. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍വച്ച് സംസ്ഥാനത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങളെയും മേന്മകളെയും ഇകഴ്ത്തിക്കാട്ടാന്‍ പ്രതിപക്ഷ നേതാവിന്റെ പദവി ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. തനിക്ക് വിദേശത്ത് നിക്ഷേപമുണ്ടെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആക്ഷേപം ഏത് കേന്ദ്ര ഏജന്‍സിയെവച്ചും അന്വേഷിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. വെറുതെ അപവാദം പറഞ്ഞുനടക്കുന്നത് കെ സുരേന്ദ്രന്‍ ശീലമാക്കുകയാണ്. സോഷ്യല്‍ മീഡിയായില്‍ നാഥനില്ലാതെ വരുന്ന വാര്‍ത്തകള്‍ക്കുപിന്നിലുള്ള ജനുസുകള്‍ക്കൊപ്പമേ സുരേന്ദ്രനെയും കാണാനാകൂ. അത്തരം ആക്ഷേപങ്ങള്‍ക്ക് മറുപടി  പറയാന്‍ താന്‍ ആളല്ലെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫും  തമ്മിലാണ് മത്സരം. ചില ഭാഗങ്ങളില്‍മാത്രമൊതുങ്ങുന്ന ചെറിയ കളിക്കാരന്റെ പങ്കുമാത്രമാണ് ബിജെപിക്കുള്ളത്. എല്‍ഡിഎഫിനെ വെല്ലുവിളിക്കാന്‍ തക്കനിലയില്‍ തങ്ങള്‍ വളര്‍ന്നുവെന്നത് ബിജെപി നേതാക്കളുടെ ദിവാസ്വപ്നമാണ്. സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് മറുപടി നല്‍കും. ഉത്തമബോധ്യത്തോടെയാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെകുറിച്ച് പരാമര്‍ശിച്ചത്. അന്തിമ റിപ്പോര്‍ട്ടാണെന്ന് പിന്നീടാണ് മനസിലായത്. എന്നിരുന്നാലും സംസ്ഥാനത്തിന്റെ നിലനില്‍പ്പിനെ അപകടപ്പെടുത്തുന്ന അസാധാരണ സാഹചര്യം സൃഷ്ടിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സിഎജിയെ തുറന്നുകാട്ടുകയായിരുന്നു. തനിക്ക് വീഴ്ച പറ്റിയെന്നാണ് സ്പീക്കറുടെ വിലയിരുത്തലെങ്കില്‍, നിശ്ചയിക്കുന്ന നടപടി നേരിടാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News