‘മന്ത്രി തിരുവഞ്ചൂരും’ എഴുതി ശുപാർശക്കത്ത്‌ ; കോൺഗ്രസ്‌ നേതാവിന്‌ സർക്കാർ അഭിഭാഷകനായി ജോലി ലഭിച്ചതിന്റെ തെളിവും പുറത്ത്‌



തിരുവനന്തപുരം യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ശുപാർശയിൽ കോൺഗ്രസ്‌ നേതാവിന്‌ സർക്കാർ അഭിഭാഷകനായി ജോലി ലഭിച്ചതിന്റെ തെളിവും പുറത്ത്‌.  മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തിരുവഞ്ചൂർ നൽകിയ ശുപാർശയിലാണ്‌ തൊടുപുഴ സ്വദേശി ടോം തോമസ്‌ ഹൈക്കോടതിയിൽ ഗവ. പ്ലീഡറായത്. 2011 ആഗസ്‌ത്‌ 20നും സെപ്‌തംബർ പത്തിനുമാണ്‌ ശുപാർശക്കത്തുകൾ നൽകിയത്‌. സർക്കാർ അഭിഭാഷകരെ നിയമിക്കാൻ കോൺഗ്രസ് നേതാക്കൾ, എംപിമാർ, എംഎൽഎമാർ, മന്ത്രിമാർ എന്നിവർ യുഡിഎഫ് സർക്കാരിന്റെ കാലത്ത്  ശുപാർശക്കത്തുകൾ നൽകിയത്‌ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടാകരുതെന്നും കഴിവും സർക്കാർ കാര്യങ്ങൾ കോടതിയിൽ സമർഥിക്കുന്നതിന്റെ മികവുമാണ് മാനദണ്ഡമാക്കേണ്ടത്‌ എന്നുമുള്ള മാർഗനിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു നിയമനങ്ങൾ.  സർക്കാരിനുവേണ്ടി ഹാജരാകേണ്ട അഭിഭാഷകരെയാണ് രാഷ്ട്രീയ താൽപ്പര്യത്തിൽ പ്ലീഡർമാരായി നിയമിച്ചത്.    ജില്ലാ ഗവ. പ്ലീഡർ മുതൽ മുകളിലേക്കുള്ള എല്ലാ തസ്തികയിലും മന്ത്രിസഭയാണ് നിയമനാധികാരി.  ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവ. പ്ലീഡർക്ക്‌ 1,20,000 രൂപയും ഗവ. പ്ലീഡർക്ക് ഒരു ലക്ഷംരൂപയുമാണ്‌ ശമ്പളം. ഈ തസ്‌തികകളിലേക്ക്‌ യുഡിഎഫ്‌ കാലത്ത്‌ വൻ പിടിവലിയും ലേലംവിളിയും നടന്നിരുന്നു. ലോട്ടറിക്കേസിൽ സർക്കാർ വാദം അവതരിപ്പിക്കാതെ തോറ്റുകൊടുത്തതിന്‌ ഹൈക്കോടതിയിലെ ഗവ. പ്ലീഡറെ യുഡിഎഫ് കാലത്ത്‌ പുറത്താക്കിയിട്ടുണ്ടായിരുന്നു. Read on deshabhimani.com

Related News