ഔട്ടർ റിങ് റോഡ്: മംഗലപുരം- തേക്കട– വിഴിഞ്ഞം റീച്ചിന് പാരിസ്ഥിതികാനുമതി



തിരുവനന്തപുരം> വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ ഭാ​ഗമായ മംഗലപുരം– തേക്കട– വിഴിഞ്ഞം റീച്ചിന് പാരിസ്ഥിതികാനുമതി ലഭിച്ചു. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റിയുടെ അനുമതി വിജ്ഞാപനം ദേശീയപാത അതോറിറ്റിക്ക്‌ കൈമാറി. രണ്ടാം റീച്ചായ തേക്കട നാവായിക്കുളത്തിന്റെ അനുമതിക്കുള്ള പബ്ലിക് ഹിയറിങ് ഏപ്രിൽ 13ന് രാവിലെ 10ന് കാരേറ്റ് ആർകെവി ഓഡിറ്റോറിയത്തിൽ നടക്കും.   നാവായിക്കുളം മുതൽ തേക്കട (29.25 കിലോ മീറ്റർ) വരെയും തേക്കടയിൽനിന്ന് വിഴിഞ്ഞം (33.40 കിലോ മീറ്റർ) വരെയും രണ്ട് റീച്ചായി തിരിച്ചാണ് റോഡ് നിർമാണം.  ആദ്യ റീച്ചിന് 1478.31 കോടിയും രണ്ടാമത്തേതിന് 1489.15 കോടിയും നിർമാണച്ചെലവ് നിശ്ചയിച്ച് ടെൻഡറും വിളിച്ചുകഴിഞ്ഞു. ഒരുമാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാകും. പാരിസ്ഥിതികാനുമതികൂടി ലഭിച്ചതോടെ ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേ​ഗത്തിലാകും.    ജനവാസകേന്ദ്രങ്ങളിലും അല്ലാതെയുമായി ആകെ 348 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഭൂമിയേറ്റെടുക്കലിന്റെ പകുതി തുക സംസ്ഥാന സർക്കാരും ബാക്കി പകുതി ദേശീയപാത അതോറിറ്റിയുമാണ് വഹിക്കുക. സ്ഥലം വിട്ടുനൽകുന്നവർക്കെല്ലാം സംസ്ഥാന സർക്കാർ മികച്ച നഷ്ടപരിഹാരം ഉറപ്പാക്കും. മേയ് മുതൽ സ്ഥലം ഏറ്റെടുപ്പ് ആരംഭിക്കും. Read on deshabhimani.com

Related News