ഗാന്ധിഘാതകരെ പറഞ്ഞു ബിജെപിക്ക്‌ കൊണ്ടു



തിരുവനന്തപുരം> നഗരസഭാ കൗൺസിൽ യോഗത്തിനിടെ  ഗാന്ധിഘാതകരെ കുറിച്ച്‌ പരാമർശമുയർന്നതിൽ അസ്വസ്ഥരായി ബിജെപി. ചൊവ്വാഴ്‌‌ച കൗൺസിൽ യോഗത്തിനിടെയാണ്‌ സ്വാതന്ത്ര്യദിനാഘോഷവും ദേശസ്‌നേഹവും ചർച്ചയായത്‌. സംസ്ഥാന സർക്കാരിന്റെ ഒന്നാംവാർഷികം ആഘോഷിച്ച ആവേശം സ്വാതന്ത്ര്യദിനാഘോഷം നടത്താൻ ഭരണപക്ഷം കാണിച്ചില്ലെന്ന ആക്ഷേപമായിരുന്നു ബിജെപിക്ക്‌. ഇതിനെതിരെ,  ആസാദി കാ അമൃതിന്റെ ഭാഗമായി നഗരസഭാ ആസ്ഥാനത്തും 11 സോണൽ ഓഫീസിലും  ദേശീയപതാക ഉയർത്തിയെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ മറുപടി നൽകി. നഗരസഭാ അങ്കണം, പാളയം രക്‌തസാക്ഷി മണ്ഡപം, കിഴക്കേക്കോട്ട ഗാന്ധി പാർക്ക്‌ എന്നിവിടങ്ങളിൽ പതാക ഉയർത്തിയത്‌ താനാണെന്നും  മേയർ  പറഞ്ഞു.    സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെർമാൻ എസ്‌ സലീം,  സ്‌റ്റാൻലി ഡിക്രൂസ്‌, അംശു വാമദേവൻ, ഗായത്രി ബാബു എന്നിവർ ബിജെപിയുടെയും ആർഎസ്‌എസിന്റെയും രാജ്യസ്‌നേഹത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടി. ഗോൾവാക്കറിന്റെയും ആർഎസ്‌എസ്‌ മുഖമാസിക ഓർഗനൈസറിന്റെയും നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇടത്‌ കൗൺസിൽ അംഗങ്ങളുടെ വിമർശം. ഗാന്ധിജിയെ വെടിവച്ചുകൊന്നയാളെ ആരാധിക്കുന്നവരല്ലേ നിങ്ങളെന്ന്‌  ഡെപ്യൂട്ടി മേയർ പി കെ രാജു ചോദ്യമുയർത്തിയതോടെ ബിജെപി അംഗങ്ങളുടെ സമനില തെറ്റി.    പ്രകോപിതരായ അവർ ബഹളംവച്ച്‌ നടുത്തളത്തിലേക്ക്‌ ഇറങ്ങി. കൗൺസിൽ അലങ്കോലമാക്കുകയായിരുന്നു ലക്ഷ്യം.  ഡെപ്യൂട്ടി മേയറുടെ പരാമർശം പിൻവലിക്കാൻ മേയർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. മേയർ അത് നിരസിച്ചു. തുടർന്ന്‌ ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് മേയറുടെ ചേംബറിന് മുന്നിൽ നിലയുറപ്പിച്ചു. എന്നാൽ മേയർ വഴങ്ങിയില്ല. പിന്നീട്‌ ഡെപ്യൂട്ടി മേയറെ കൗൺസിൽ നിയന്ത്രണം ഏൽപ്പിച്ചു. അജൻഡകൾ പാസാക്കി കൗൺസിൽ പിരിയുകയും ചെയ്‌തു.    തെരുവ്‌ വിളക്കുകൾ കത്തിക്കും   ഓണത്തിന്‌ മുമ്പ്‌ അറ്റകുറ്റപ്പണി നടത്തി തെരുവ്‌ വിളക്കുകൾ കത്തിക്കുമെന്ന്‌ മേയർ. കെഎസ്‌ഇബി അസി. എക്‌സിക്യുട്ടീവ്‌ എൻജിനിയറുമായി കൂടിയാലോചിച്ച്‌ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തീകരിക്കും.  21 നും 31 നും ഇടയിൽ വാർഡ്‌ സഭകൾ ചേരണമെന്ന്‌  മേയർ നിർദേശിച്ചു.   സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി എൽഎംഎസ്‌ ജങ്‌ഷൻ മുതൽ വെള്ളയമ്പലംവരെ  റോഡിന്‌ ഇരുവശവുമുള്ള മരങ്ങളിലും നഗരസഭാ മന്ദിരത്തിലും ദീപാലങ്കാരത്തിനും ലഭിച്ച കുറഞ്ഞ തുകയ്‌ക്കുള്ള ക്വട്ടേഷന്‌ നൽകിയ മുൻകൂർ അനുമതി കൗൺസിൽ അംഗീകരിച്ചു. Read on deshabhimani.com

Related News