അദാനി വിമാനത്താവളം ; ചരക്കുനീക്കം മുഖ്യം , നിരക്കുകൾ വർധിക്കും



തിരുവനന്തപുരം അദാനി ഏറ്റെടുത്ത മറ്റു വിമാനത്താവളങ്ങളുടെ മാതൃകയിൽ തിരുവനന്തപുരത്തും വിവിധ നിരക്കുകൾ വർധിപ്പിക്കാൻ നീക്കം. മംഗലാപുരത്തേതുപോലെ  പാർക്കിങ്‌ മൂന്നുതട്ടായി തിരിച്ച്‌ നിരക്ക്‌ വർധിപ്പിക്കാൻ ശ്രമം തുടങ്ങി. പുതിയ റൺവേ നിർമിച്ച്‌ ചരക്ക്‌ ഗതാഗതത്തിന്‌ കൂടുതൽ സൗകര്യമൊരുക്കാനും നടപടി ആരംഭിച്ചു.  ആഭ്യന്തര വിമാനങ്ങൾക്ക്‌ പ്രത്യേകം ടെർമിനൽ ഒഴിവാക്കി  അന്താരാഷ്‌ട്ര ടെർമിനലിൽനിന്ന്‌ സർവീസ്‌ നടത്തും. ലഖ്‌നൗവിൽ ‘ടേൺ എറൗണ്ട്‌ ചാർജ് ’ പത്ത്‌ മടങ്ങോളമാക്കിയതുപോലെയുള്ള വർധന തിരുവനന്തപുരത്തും ഉണ്ടാകും. വിമാനത്താവള നടത്തിപ്പ്‌ എഫ്‌എംജി ഗ്രൂപ്പും വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ്‌ അന്താരാഷ്‌ട്ര പ്രശസ്തരായ ഫ്ലമിംഗോയും ഏറ്റെടുത്തേക്കും. വിഴിഞ്ഞം തുറമുഖത്തിന്റെകൂടി സാധ്യത കണക്കിലെടുത്താണ്‌ വിമാനത്താവളത്തെ കൂടുതൽ ചരക്ക്‌ കൈകാര്യം ചെയ്യുന്ന കേന്ദ്രമാക്കുന്നത്‌. യാത്രക്കാർക്ക്‌ കൂടുതൽ സൗകര്യമൊരുക്കുന്നതിനേക്കാൾ ചരക്ക്‌ ഗതാഗതത്തിനായിരിക്കും പ്രാധാന്യം. വൻലാഭം ലക്ഷ്യമിട്ടാണ്‌ നിസ്സാരവിലയ്‌ക്ക്‌ വിമാനത്താവളങ്ങൾ അദാനി സ്വന്തമാക്കിയതെന്ന്‌ എയർപോർട്ട്‌ എംപ്ലോയീസ്‌ യൂണിയൻ വ്യക്തമാക്കിയിരുന്നു. യഥാർഥവിലയുടെ മൂന്നിലൊന്ന്‌ നിരക്കിലാണ്‌ തട്ടിയെടുത്തതെന്നു കാണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ യൂണിയൻ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. Read on deshabhimani.com

Related News