സഹസ്ര കോടിയുടെ പൊതുമുതൽ ഇനി അദാനിയുടെ കൈയിൽ‌; എയർപോർട്ട്‌ അതോറിറ്റിയുടെ ഉടമസ്ഥതയിൽ 57 ഏക്കർ മാത്രം



തിരുവനന്തപുരം > തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം കൈമാറാനുള്ള കരാറിൽ ഒപ്പിട്ടതോടെ അദാനി കൈക്കലാക്കിയത്‌ പതിനായിരക്കണക്കിന്‌ കോടി രൂപയുടെ പൊതുമുതൽ. 650 ഏക്കറിലേറെ ഭൂമിയും എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ നടത്തിയ നിക്ഷേപങ്ങളും കേന്ദ്രസർക്കാർ ചുളുവിൽ അദാനിയുടെ കൈയിലെത്തിച്ചു. ഏറ്റെടുക്കൽ കരാറായതോടെ വിമാനത്താവളത്തിന്റെ ഉടമസ്ഥതയിലുള്ള 653 ഏക്കർ ഭൂമിയും  പഴയ തിരുവിതാംകൂർ സംസ്ഥാനം നൽകിയ റോയൽ ഫ്‌ളൈയിങ്‌ ക്ലബ്ബിന്റെ 258.06 ഏക്കർ ഭൂമിയും മറ്റ്‌ ആസ്‌തികളും അദാനിയുടെ കൈകളിലെത്തി. വിമാനത്താവള വികസനത്തിന്‌ സംസ്ഥാന സർക്കാർ ഏറ്റെടുത്തുനൽകിയ 32.56 ഏക്കർ സ്ഥലവും ഇ‌തിലുൾപ്പെടും. ഉറപ്പുകൾ പാലിച്ചില്ല തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ലേലം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ 2003ൽ കേരളത്തിന്‌ നൽകിയ ഉറപ്പുകൾ പാലിച്ചില്ല.  വിമാനത്താവള വികസനത്തിന്‌ നൽകിയ സംഭാവനകൾ പരിഗണിച്ച്‌ വിമാനത്താവളത്തിന്റെ മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിന് നൽകാമെന്ന് 2003ൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉറപ്പ്‌ നൽകിയിരുന്നു. ലേലത്തിൽ സ്വകാര്യ കമ്പനികൾ കൂടുതൽ തുക ക്വാട്ട് ചെയ്ത സാഹചര്യത്തിൽ അതേ തുക നൽകാൻ തയ്യാറാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.  അതും മറികടന്നാണ്‌ 2020 ആഗസ്‌ത്‌ 19ന്‌ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം വിമാനത്താവളത്തിന്റെ നടത്തിപ്പും മേൽനോട്ടവും അദാനി എന്റർപ്രൈസസിനെ ഏൽപ്പിക്കാൻ തീരുമാനമെടുത്തത്‌.  കോടതി നടപടികൾക്കും അവഗണന വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരായ കേസ്‌ സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കെയാണ്‌ അദാനിക്ക്‌ കൈമാറുന്ന കരാർ ഒപ്പുവച്ചത്‌. സംസ്ഥാന സർക്കാർ, തിരുവനന്തപുരം വിമാനത്താവളം ആക്ഷൻ കൗൺസിൽ എന്നിവ കേസിൽ കക്ഷികളാണ്‌.വെള്ളിയാഴ്‌ച കേസ്‌ വീണ്ടും വാദം കേൾക്കാനിരിക്കെയാണ്‌ ജനാധിപത്യ സംവിധാനങ്ങളെയാകെ പരിഹസിച്ചുള്ള കേന്ദ്ര നീക്കം. എയർപോർട്ട്‌ അതോറിറ്റിയുടെ ഉടമസ്ഥതയിൽ 57 ഏക്കർ  മാത്രം തിരുവനന്തപുരം വിമാനത്താവളം അദാനി എന്റർപ്രൈസസിന്‌ കൈമാറാൻ കരാറൊപ്പിട്ട എയർപോർട്ട്‌ അതോറിറ്റിക്ക്‌ ഇവിടെയുള്ളത്‌ 57.56 ഏക്കർ ഭൂമിയുടെ മാത്രം ഉടമാവകാശം. നിരവധി നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന അവസരത്തിലാണ് വിമാനത്താവളം കൈമാറുന്നത്‌. സർക്കാരിനെ വെല്ലുവിളിക്കുന്നു: എം വിജയകുമാർ അന്താരാഷ്‌ട്ര വിമാനത്താവളം അദാനിക്ക്‌ കൈമാറിക്കൊണ്ടുള്ള കരാർ സർക്കാരിനെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിക്കലാണെന്ന്‌  തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ആക്ഷൻ കൗൺസിൽ ചെയർമാൻ എം വിജയകുമാർ പറഞ്ഞു. കോടതിയിൽ വാദം നടക്കുന്നതിനിടെ ഇത്തരത്തിലൊരു കരാർ ഒപ്പുവച്ചത്‌ നിയമവിരുദ്ധമാണ്‌. സംസ്ഥാന സർക്കാരുമായി സ്‌റ്റേറ്റ്‌ സപ്പോർട്ട്‌ എഗ്രിമെന്റ്‌ പോലും വയ്‌ക്കാതെയാണ്‌ ഏറ്റെടുക്കൽ. ഇവിടെയുള്ളതിൽ ഒരു തുണ്ട്‌ ഭൂമിയുടെ പോലും ഉടമാവകാശം ഏറ്റെടുത്ത സ്വകാര്യ സ്ഥാപനത്തിനില്ല–-വിജയകുമാർ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News