"ഞങ്ങൾക്ക്‌ ജീവിക്കണ്ടേ... ഇത്‌ ക്രൂരമാണ്‌ ' ; അപവാദപ്രചാരണം ആശയദാരിദ്ര്യം കൊണ്ട്‌: ഡോ. ദയ പാസ്‌കല്‍



കൊച്ചി ‘ഇത്‌ അങ്ങേയറ്റം ക്രൂരമാണ്‌. ഞങ്ങളുടെ മക്കൾക്ക്‌ സ്‌കൂളിൽ പോകണ്ടേ. കൂട്ടുകാരെയും അധ്യാപകരെയും അഭിമുഖീകരിക്കണ്ടേ. എനിക്ക്‌ ജോലിയെടുത്ത്‌ ജീവിക്കണ്ടേ. ആരോടും ഇങ്ങനെയൊന്നും ചെയ്യരുത്‌. ഇതൊക്കെ ചെയ്യുന്നവരുടെ നേതാക്കളോടുള്ള അപേക്ഷയാണ്‌ ’– -ഡോ. ദയ പാസ്‌കൽ വേദനയോടെ പറയുന്നു.  എൽഡിഎഫ്‌ സ്ഥാനാർഥിയായ ഭർത്താവ്‌ ഡോ. ജോ ജോസഫിന്റേതെന്നപേരിൽ എതിരാളികൾ വ്യാജഅശ്ലീലവീഡിയോ പ്രചരിപ്പിക്കുന്നതിനോട്‌ പ്രതികരിക്കുകയായിരുന്നു അവർ.  ‘പലരും വീഡിയോയെക്കുറിച്ച്‌ ചോദിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത ജോയുടെ കുടുംബം എന്തു മറുപടി പറയണം?. എല്ലാവർക്കും കുടുംബമുള്ളതല്ലേ. വാസ്‌തവത്തിന്റെ കണികപോലുമില്ലാത്ത കാര്യമല്ലേ. ജോ സ്ഥാനാർഥിയായതിനുപിന്നാലെ ട്രോളുകൾ വന്നിരുന്നു. രാഷ്‌ട്രീയമെന്നോർത്ത്‌ അവഗണിച്ചു. നിലപാടുകളാണ്‌ രാഷ്‌ട്രീയമെന്ന്‌ അറിയാത്തവരോട്‌ പറഞ്ഞിട്ടെന്തുകാര്യം. ഇതുപക്ഷേ ഞങ്ങളുടെ കുടുംബത്തെക്കൂടി ബാധിക്കുന്നതാണ്‌. ഇതാണോ രാഷ്‌ട്രീയം. എല്ലാവർക്കും ശബ്‌ദിക്കാനുള്ള ഇടമാണ്‌ രാഷ്‌ട്രീയം. വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചവരുടേത്‌ ഭീഷണികൂടിയാണ്‌. ജോയെപ്പോലെ മറ്റൊരാൾ രാഷ്‌ട്രീയത്തിലേക്ക്‌ വരാൻ ഇനി തയ്യാറാകുമോ. വന്നാൽ ഇതാണ്‌ അവസ്ഥയെന്നല്ലേ അവർ പറയുന്നത്‌. ആരോഗ്യകരമായ രാഷ്‌ട്രീയസംവാദത്തിന്‌ ആയുധമില്ലാത്തതുകൊണ്ടാണ്‌ പച്ചക്കള്ളം പ്രചരിപ്പിച്ച്‌ വ്യക്തിപരമായി ആക്രമിക്കുന്നത്‌. എതിർസ്ഥാനാർഥികളെക്കുറിച്ച്‌ ഞങ്ങൾ ഒരാക്ഷേപവും പറഞ്ഞിട്ടില്ല. അങ്ങോട്ട്‌ കാണിക്കുന്ന മാന്യതയുടെ ഒരംശമെങ്കിലും തിരിച്ച്‌ പ്രതീക്ഷിക്കുന്നത്‌ തെറ്റാണോ’–-ഡോ. ദയ ചോദിക്കുന്നു. അശ്ലീലവീഡിയോ പ്രചാരണത്തിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. Read on deshabhimani.com

Related News