ബൈക്കുകളിൽ കറങ്ങി മാലപൊട്ടിക്കുന്ന അന്തർ ജില്ലാ മോഷണ സംഘം അറസ്‌റ്റിൽ

പ്രതികളായ ബിനു, സുബൈർ, ഷിയാസ്, നിസാർ


തൃശൂർ> ബൈക്കുകളിൽ കറങ്ങി സ്‌ത്രീകളുടെ മാല പൊട്ടിക്കുന്ന അന്തർ ജില്ലാ മോഷണ സംഘം  അറസ്‌റ്റിൽ.  കൊടകര പൊന്തവളപ്പിൽ ബിനു (40), മലപ്പുറം മൊറയൂർ ആനക്കല്ലിങ്കൽ വീട്ടിൽ സുബൈർ (25), മഞ്ചേരി പയ്യനാട് പള്ളത്തിൽ മേലെതൊടി ഷിയാസ് (25), മഞ്ചേരി ആമയൂർ കടവൻ വീട്ടിൽ നിസാർ (31) എന്നിവരെയാണ്‌  കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്‌. കഴിഞ്ഞ ജൂൺ 20ന്  ഒല്ലൂർ എളംതുരുത്തി മേൽപാലത്തിനു റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്‌ത്രീയുടെ മാല പൊട്ടിച്ച  കേസിലെ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.   മാല മോഷണത്തിലൂടെ ലഭിക്കുന്ന പണം ആഢംബര ജീവിതത്തിനും, ഉല്ലാസയാത്രകൾക്കുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. സംഘം പല ബൈക്കുകളിലായി സഞ്ചരിക്കുകയാണ് പതിവ്. ഓൺലൈൻ വെബ്സൈറ്റുകളിൽ വിൽപ്പനക്കു വെച്ചിരിക്കുന്ന വാഹനങ്ങളുടെ നമ്പറുകളാണ് വ്യാജമായി ഉപയോഗിക്കുന്നത്. പാലക്കാട് മുതൽ ആലപ്പുഴ വരെയുള്ള ആറ് ജില്ലകളിലെ  30ഓളം കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്. പേരാമംഗലത്തെ  വീട്ടിൽ കയറി ചലനശേഷി നഷ്ടപ്പെട്ട വൃദ്ധന്റെ സ്വർണമാല പൊട്ടിച്ചതടക്കമുള്ള കേസ്സുകളിൽ ഇവർ പ്രതികളാണ്.   ഒല്ലൂർ അസി. കമ്മീഷണർ കെ സി സേതു, സ്പെഷൽബ്രാഞ്ച് എസിപി കെ സി സുമേഷ്, ഒല്ലൂർ എസ്‌ഐ വിപിൻ എസ്‌ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ  പ്രദീപ് കെ.ജി, സിപിഒമാരായ  കെ ബി സുനീബ്, എ ജെ ജിൻസൺ, സി പി റിൻസൺ, റെസിൻ വി ചെറിയാൻ, നവീൻ കുമാർ,  കെ അരുൺ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. അന്വേഷകസംഘത്തെ  കമ്മീഷണർ ആദിത്യ  അഭിനന്ദിച്ചു. കുടുങ്ങിയത് തൃശൂരിലെ ക്യാമറകളിൽ എളംതുരുത്തിയിൽ മാലപറിച്ചെടുത്ത് ബൈക്കിൽ കടന്നു കളഞ്ഞ സംഘം തൃശൂരിലെ ക്യാമറകളിൽ കുടുങ്ങി. ഇവരുടെ കൃത്യമായ അടയാളങ്ങൾ മനസ്സിലാക്കുന്നതിന് അന്വേഷണ സംഘത്തിന് കഴിഞ്ഞു. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരുന്നതിനാൽ അന്വേഷണം ഒരു ഘട്ടത്തിൽ വഴിമുട്ടി. തുടർന്ന് 80ലധികം ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ  സംഘം പരിശോധിച്ചു.  കുറ്റകൃത്യത്തിനുശേഷം പ്രതികൾ സഞ്ചരിച്ച മുണ്ടക്കയം, ബാംഗ്ലൂർ, മണ്ണാർക്കാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയുമാണ് കുറ്റവാളികളെ അറസ്റ്റുചെയ്യാനായത്.   Read on deshabhimani.com

Related News