കാർഷിക നിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുംവരെ സമരം തുടരും: സംയുക്ത കിസാൻ മോർച്ച



ന്യൂഡൽഹി > കാർഷിക നിയമങ്ങൾ പാർലമെന്റിൽ പിൻവലിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന്‌ കർഷകർ. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്‌ ശേഷം ഭാവിപരിപാടികൾ തീരുമാനിക്കാൻ സിംഘുവിൽ ഇന്ന്‌ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിലാണ്‌ തീരുമാനം. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ 22ന്  നടത്തുന്ന കിസാന്‍ മഹാപഞ്ചായത്തിലും 26ന് ഡൽഹി അതിര്‍ത്തികളിൽ നടത്തുന്ന യോഗങ്ങൾക്കും മാറ്റമുണ്ടാകില്ല. 27 വരെ നിശ്ചയിച്ച സമര പരിപാടികളുമായി മുന്നോട്ടുപോകും. അതിന് ശേഷമുള്ള പരിപാടികൾ തീരുമാനിക്കാന്‍ 27ന് വീണ്ടും യോഗം ചേരും. 29ന് നടത്താൻ തീരുമാനിച്ച പാര്‍ലമെന്റ് മാര്‍ച്ചിനും മാറ്റമുണ്ടകില്ലെന്ന്‌ അഖിലേന്ത്യ കിസാൻസഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്‌ണപ്രസാദ്‌ പറഞ്ഞു. കാബിനറ്റിൽ പോലും ആലോചിക്കാതെയാണ്‌ കാർഷിക നിയമം പിന്‍വലിക്കുകയാണെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌.  നിയമം റദ്ദാക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണം. കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക് കത്തെഴുതും. എംഎസ്‌പി കമ്മിറ്റി, വൈദ്യുതി ബില്‍ നിയമം, കേസുകള്‍ പിന്‍വലിക്കല്‍ എന്നീ ആവശ്യങ്ങളും കത്തിൽ ഉന്നയിക്കുമെന്നും സംയുക്ത കിസാൻ മോർച്ച ഭാരവാഹികൾ പറഞ്ഞു. മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബിൽ തിങ്കളാഴ്‌ച തയ്യാറായേക്കും. അടുത്ത കേന്ദ്ര മന്ത്രിസഭായോഗം കാർഷിക നിയമങ്ങൾ പിൻവലിക്കാൻ അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.   Read on deshabhimani.com

Related News