മന്ത്രി വീട്ടിലെത്തി താക്കോൽ കൈമാറി; ‘ലൈഫ്' ലഭിച്ച നിറവില്‍ വിദ്യയും കുടുംബവും



തിരുവനന്തപുരം > ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മിച്ച 12067 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുന്നത് തത്സമയം കണ്ട് സന്തോഷിച്ച് നില്‍ക്കുന്ന വിദ്യയുടെ വീട്ടിലേക്ക് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ എത്തി. പള്ളിച്ചല്‍ പഞ്ചായത്തിലെ വെടിവെച്ചാന്‍ കോവിലിലുള്ള ചുണ്ടുവിള വീടിന്റെ താക്കോല്‍ മന്ത്രി വിദ്യ‌യ്‌ക്കും കുടുംബത്തിനും കൈമാറി. വിദ്യയും ഭര്‍ത്താവ് അജിയും രണ്ട് പെണ്‍കുഞ്ഞുങ്ങളും നേരത്തെ അന്തിയുറങ്ങിയിരുന്നത് അടച്ചുറപ്പില്ലാത്ത ഒരു ഷീറ്റുകൊണ്ട്‌ മറച്ച കൂരയ്‌ക്കുള്ളിലായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിന് കൈത്താങ്ങായി മാറിയ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് പുത്തന്‍ വീട് നിര്‍മിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 10000 കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കുമെന്നാണ് നൂറ് ദിന കര്‍മ്മ പരിപാടിയിലൂടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, 12067 വീടുകള്‍ ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കി. ഇതില്‍ 10,058 വീടുകള്‍ പൂര്‍ണമായി സംസ്ഥാന വിഹിതം ഉപയോഗിച്ചും 2,009 വീടുകള്‍ പിഎംഎവൈ (നഗരം) വിഹിതം കൂടി ഉപയോഗിച്ചുമാണ് നിര്‍മ്മിച്ചത്. 7,832 വീടുകള്‍ ജനറല്‍ വിഭാഗത്തിനും 3,358 വീടുകള്‍ പട്ടികജാതി വിഭാഗത്തിനും 606 വീടുകള്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിനും 271 വീടുകള്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിനുമാണ് ലഭിച്ചത്. ലൈഫ് മിഷന്റെ ഭാഗമായി ഭൂരഹിതരുടെ പുനരധിവാസത്തിനായി 2,207 യൂണിറ്റുകളടങ്ങിയ 36 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 17 ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടി കൂടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇതോടെ ലൈഫ് പദ്ധതിയില്‍ ആകെ നല്‍കിയ വീടുകളുടെ എണ്ണം 2,75,324 ആയി. വരുന്ന അഞ്ച് വര്‍ഷത്തിനകം അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട് എന്നത് സംസ്ഥാന സര്‍ക്കാരിന്റെ അതിപ്രധാനമായ ലക്ഷ്യമാണെന്ന് മാധ്യമ പ്രവര്‍ത്തകരോട്‌ മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News