മാർക്‌സിസ്‌റ്റ്‌ വിരോധത്തിന്റെ പുഷ്‌ക്കലകാലം അവസാനിച്ചു: പിണറായി വിജയൻ



വയലാർ > മാർക്‌സിസ്‌റ്റ്‌‌ വിരോധത്തിന്റെ പുഷ്‌ക്കലകാലം അവസാനിച്ചുവെന്ന യാഥാർഥ്യം തിരിച്ചറിയാത്തവർ ജനങ്ങളിൽ നിന്ന്‌ ഒറ്റപ്പെടുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയലാർദിനാചരണ സമാപന സമ്മേളനം ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിനുള്ള ജനപിന്തുണ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കൂടുതൽ വർധിച്ചു. പല കക്ഷികളും എൽഡിഎഫിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കുകയാണ്‌. വർഷങ്ങളായി കോൺഗ്രസിൽ പ്രവർത്തിച്ച മുതിർന്ന നേതാക്കൾ ഇപ്പോൾ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെ പതാകയേന്തുന്നു.    2016ൽ അധികാരത്തിൽ വന്ന സർക്കാർ മുൻ എൽഡിഎഫ്‌ സർക്കാരുകളുടെ നയത്തുടർച്ചയാണ്‌ നടപ്പാക്കിയത്‌. ചെയ്യുന്ന പ്രവർത്തനങ്ങളുടെ നന്മയും  സുതാര്യതയും ജനങ്ങൾക്ക്‌ ബോധ്യമുണ്ടായിരുന്നു. ഇതാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ ഫലത്തിൽ പ്രതിഫലിച്ചത്‌. പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ മുന്നോട്ടു നയിക്കാനുള്ള സർക്കാരിന്റെ കഴിവിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചു. വീണ്ടും  ജനങ്ങൾ നൽകിയ അനുകൂലവിധി വിനയാന്വിതമായി സ്വീകരിച്ച്‌ നവകേരളസൃഷ്‌ടി  എല്ലാ അർഥത്തിലും നടപ്പാക്കുകയാണ്‌. ഭാവികേരളത്തിന്റെ പ്രശ്‌നങ്ങളും സാധ്യതകളും മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ്‌ ഏറ്റെടുക്കുന്നത്‌. വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, അടിസ്ഥാനസൗകര്യ വികസന മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള പ്രവർത്തനങ്ങളാണ്‌ സർക്കാർ നടപ്പാക്കുന്നത്‌. പുന്നപ്ര-വയലാർ സമരവും ചരിത്രത്തിൽ സൃഷ്‌ടിച്ച അലയൊലികളും രാഷ്‌‌ട്രീയ എതിരാളികൾ പോലും ഇന്ന്‌ അംഗീകരിക്കുന്നുണ്ട്‌. ഐതിഹാസികമായ സമരത്തെ കേവലം പതിമൂന്നര സെന്റിനു വേണ്ടിയുള്ള സമരം എന്ന്‌ ആക്ഷേപിച്ചവരുടെ ശബ്‌ദം കേൾക്കാനില്ല. പുന്നപ്ര-വയലാറിനുശേഷം ആദ്യ ചില വർഷങ്ങളിൽ കരിദിനമായി ആചരിച്ചവരും മാളങ്ങളിൽ ഒളിച്ചു. പുന്നപ്ര-വയലാർ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണോ എന്ന്‌ തിരിച്ചും മറിച്ചും പരിശോധിച്ചു നടന്ന ചിലരുണ്ട്‌. അവരും ഇത്‌ സ്വാതന്ത്ര്യസമരമായി അംഗീകരിച്ചു. സമീപനത്തിലെ ഈ മാറ്റത്തിൽ മാറിവരുന്ന കേരളരാഷ്‌‌ട്രീയത്തിന്റെ സൂചനയുണ്ട്‌. തളരുന്ന ശക്തിയേത്‌, വളരുന്ന  ശക്തിയേത്‌ എന്നതിന്റെ പ്രതിഫലനങ്ങളുണ്ട്‌. ഇത്‌ കാലത്തിന്റെ അടയാളപ്പെടുത്തലുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News