ലയക്കും ജോലി; സർക്കാർ വാക്കുപാലിച്ചു



തൃശൂർ> പിഎസ്‌സി റാങ്ക്‌ ഹോൾഡർമാർക്കൊപ്പമാണ് എൽഡിഎഫ്‌ സർക്കാരെന്ന്‌ വീണ്ടും തെളിയിച്ചു.  തൃശൂർ സ്വദേശി ലയ രാജേഷിന്‌ ജോലിക്ക്‌ അഡ്വൈസ്‌ മെമ്മോ ലഭിച്ചു. എൽജിഎസ്‌ റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക്‌ നിയമനം ലഭിക്കുന്നില്ലെന്ന്‌ ആക്ഷേപമുയർത്തി സെക്രട്ടറിയറ്റിന്‌ മുന്നിൽ നടത്തിയ സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു ലയ. അർഹരായവർക്കെല്ലാം ജോലി ലഭിക്കുമെന്ന്‌ സർക്കാർ നൽകിയ ഉറപ്പാണ്‌ യാഥാർഥ്യമാവുന്നത്‌. ശനിയാഴ്‌ചയാണ്‌ ലയക്ക്‌ അഡ്വൈസ്‌ മെമോ ലഭിച്ചത്‌. ലാസ്റ്റ്‌ ഗ്രേഡ്‌ തസ്‌തികയിൽ ലാൻഡ്‌ റവന്യൂ വകുപ്പിലാണ്‌ ജോലി. ‘റാങ്ക്‌ ഹോൾഡേഴ്‌സ്‌ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നുണ്ട്‌. സർക്കാർ ജോലി സ്വപ്‌നം മാത്രമായി ഒതുങ്ങുമെന്ന്‌ കരുതിയതാണ്‌. ഇപ്പോൾ സന്തോഷം ഏറെയാണ്‌.  ഈ സർക്കാരിൽ  വിശ്വാസമുണ്ട്‌.  നന്ദിയുണ്ട്‌, സർക്കാരിനും കൂടെനിന്ന്‌ എല്ലാ സഹായങ്ങളും ചെയ്‌തു തന്നവർക്കും’- ലയ പറഞ്ഞു. വകുപ്പുകളിലെ ഒഴിവുകൾ അന്വേഷിച്ച്‌ അറിയിക്കുന്നതിനും മറ്റ്‌ സഹായങ്ങൾ ചെയ്‌തുതരാനും ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കളും എൻജിഒ യൂണിയൻ പ്രവർത്തകരും കൂടെയുണ്ടായിരുന്നെന്നും ലയ പറയുന്നു. തൃശൂർ ഒളരി കളരിക്കൽ ഹൗസിൽ ഓട്ടോഡ്രൈവറായ രാജേഷാണ്‌ ഭർത്താവ്‌.    2018ൽ പ്രസിദ്ധീകരിച്ച എൽജിഎസ്‌ റാങ്ക്‌ ലിസ്റ്റിൽ ലയക്ക്‌ 583‐ാം റാങ്കാണ്‌. സെക്രട്ടറിയറ്റിനുമുന്നിലെ സമരത്തിൽ പങ്കെടുത്ത പലർക്കും അഡ്വൈസ്‌ മെമ്മോ ലഭിച്ചിരുന്നു. റാങ്ക്‌ ലിസ്റ്റിന്റെ കാലാവധി നീട്ടുകയും ചെയ്‌തു‌. Read on deshabhimani.com

Related News