മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; അച്ഛന് മരണംവരെ കഠിന തടവ്



മഞ്ചേരി> പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ അച്ഛന് മരണംവരെ കഠിന തടവും  6,60,000 രൂപ പിഴയും ശിക്ഷ. വഴിക്കടവ് സ്വദേശിയായ 48–കാരനെ പോക്‌സോ കോടതി ജഡ്‌ജി കെ രാജേഷാണ് ശിക്ഷിച്ചത്. പ്രതി പിഴയടയ്‌ക്കുന്നപക്ഷം അതിജീവിതക്ക് നൽകണം.  ഇതോടൊപ്പം അതിജീവിതക്ക്‌ സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽനിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാൻ  ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി. 25 സാക്ഷികളെ വിസ്‌തരിച്ചു.  40 രേഖകളും ഹാജരാക്കി. നടപടികൾ പൂർത്തിയാക്കി പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. 2021– ലാണ് കേസിനാസ്പദമായ സംഭവം. ലോക്‌ഡൗണിൽ  വീട്ടിലിരുന്ന്‌ പഠിക്കുകയായിരുന്ന കുട്ടിയെ കിടപ്പുമുറിയിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സം​ഗംചെയ്തെന്നാണ് കേസ്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്.  വഴിക്കടവ്  ഇൻസ്പെക്ടർ അബ്‌ദുൾ ബഷീറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ സോമസുന്ദരൻ ഹാജരായി. ശിക്ഷാവിധി ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ മൂന്ന് വകുപ്പുകളിലായി മൂന്ന് ജീവപര്യന്തം കഠിന തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടയ്‌ക്കാത്തപക്ഷം പത്തുമാസം അധിക തടവ് അനുഭവിക്കണം. പുറമെ, ഈ നിയമത്തിലെ മറ്റൊരു വകുപ്പുപ്രകാരം ഏഴുവർഷം കഠിന തടവ് 25,000 രൂപ പിഴ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചതിന് ഏഴുവർഷം തടവും 25,000 രൂപ പിഴയുമടയ്‌ക്കണം. രക്തബന്ധുവായ കുട്ടിയെത്തന്നെ നിരന്തരം പീഡിപ്പിച്ച കുറ്റത്തിന് ഒരുവർഷം തടവും 10,000 രൂപ പിഴയുമടയ്‌ക്കണം. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഒരുവർഷം വെറും തടവും പതിനായിരം രൂപ പിഴയും പിഴയടയ്‌ക്കാത്തപക്ഷം രണ്ടാഴ്‌ച‌ത്തെ തടവ് എന്നിങ്ങനെ വേറെയും ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. എന്നാൽ, ജീവപര്യന്തം എന്നത് മരണംവരെ കഠിന തടവെന്ന് കോടതി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News