ചരിത്രം കുറിച്ച് വീണ്ടും ‘ലൈഫ്’; പതിനായിരം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്‌



തിരുവനന്തപുരം >  ലൈഫ്‌ പദ്ധതിയിൽ നിർമിച്ച പതിനായിരം  വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ശനിയാഴ്‌ച ഉച്ചയ്ക്ക് 12ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. 2016 -2021 കാലയളവില്‍ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി 262131 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരഹിതരുടെ പുനരധിവാസത്തിനായി 2207 യൂണിറ്റുകളടങ്ങിയ 36 ഭവന സമുച്ഛയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ഇതിന് പുറമെ 17 ഭവന സമുച്ഛയങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു. 2021- 2026 വരെയുള്ള അഞ്ചുവര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും ഒരു ലക്ഷം വീടുകള്‍ വീതം പൂര്‍ത്തിയാക്കി അഞ്ചുലക്ഷം വ്യക്തിഗത വീടുകള്‍ നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമയും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി ബി നൂഹും പങ്കെടുക്കും. Read on deshabhimani.com

Related News