തങ്കം ആശുപത്രിയിലെ മരണങ്ങൾ: 
സമഗ്ര അന്വേഷണം വേണം – സിപിഐ എം



പാലക്കാട്‌ > യാക്കര തങ്കം ആശുപത്രിയിൽ ഒരാഴ്‌ചയ്‌ക്കകം ചികിത്സയ്‌ക്കിടെ മൂന്നുപേർ മരിച്ചത്‌ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം വേണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി. ഇതുസംബന്ധിച്ച്‌ ആരോഗ്യമന്ത്രിക്ക്‌ പരാതി നൽകി.   ചിറ്റൂർ തത്തമംഗലം ചെമ്പകശേരി എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (25) പ്രസവിച്ചയുടൻ കുഞ്ഞ്‌ മരിച്ചു. അടുത്തദിവസം ഐശ്വര്യയും മരിച്ചു. കഴിഞ്ഞ ദിവസം കാലിലെ ശസ്‌ത്രക്രിയക്ക്‌ വിധേയമായ കോങ്ങാട്‌ ചെറായ പ്ലാപ്പറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27)  അനസ്‌തേഷ്യക്ക്‌ ശേഷം മരിച്ചു.  ഇവരെ ചികിത്സിക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന്‌ വീഴ്‌ച സംഭവിച്ചുവെന്നാണ്‌ ബന്ധുക്കൾ ആരോപിക്കുന്നത്‌. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി വസ്‌തുത ജനങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവരണം. ആശുപത്രിയേയും ഡോക്ടർമാരെയും വിശ്വസിച്ചാണ്‌ രോഗികളെ പ്രവേശിപ്പിക്കുന്നത്‌. എന്നാൽ പല കാര്യങ്ങളും രോഗികളുടെ ബന്ധുക്കളിൽനിന്ന്‌ മറച്ചുവയ്‌ക്കുന്നതായാണ്‌ ആരോപണം.   ജീവൻ രക്ഷിക്കാൻ വിദഗ്‌ധ ചികിത്സ വേണമെങ്കിൽ അക്കാര്യം ബന്ധുക്കളെ അറിയിച്ച്‌ കൂടുതൽ സൗകര്യമുള്ള ആശുപത്രികളിലേക്ക്‌ മാറ്റണം. സംസ്ഥാന സർക്കാരിന്റെ ക്ലിനിക്കൽ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ ആക്ടിൽ ഇത്‌ വ്യക്തമാക്കുന്നുണ്ട്‌. അതിന്‌ വിരുദ്ധമായ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിലും അക്കാര്യവും വിദഗ്‌ധ സംഘം അന്വേഷിക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ആവശ്യപ്പെട്ടു. Read on deshabhimani.com

Related News