എന്തിനാണ് വിളിച്ചത് ? ഒന്നുമില്ല, 
പപ്പേട്ടനെ വിളിക്കണമെന്നു തോന്നി



ഏറ്റവും അടുത്ത ബന്ധു നഷ്ടപ്പെട്ട വേദനയിലാണ് ഞാൻ. അതിനെക്കുറിച്ച് ആലോചിക്കുംതോറും കരച്ചിൽവരും. കോടിയേരി എനിക്ക് 25 വയസ് ഇളയതാണ്. പരിചയപ്പെട്ടതുമുതൽ അദ്ദേഹത്തോടുള്ള സ്നേഹവും മതിപ്പും കൂടിയിട്ടേയുള്ളൂ. നാട്യങ്ങളില്ലാത്ത, സൗമ്യനായ നേതാവ്. അദ്ദേഹത്തിന്റെ അകവും പുറവും ഒന്നായിരുന്നു. സ്വന്തം പാർടിയിൽപ്പെട്ടവരോട് മാത്രമല്ല, മറ്റുള്ളവരോടും കരുതൽ സൂക്ഷിച്ചു. പള്ളിക്കുന്നിലെ വീട്ടിൽ പലതവണയെത്തിയ അദ്ദേഹവുമായി സംസാരിക്കുന്നതുതന്നെ വലിയ അനുഭവമാണ്. അത് രാഷ്ട്രീയത്തേക്കാൾ മനസുതുറക്കാനുള്ള അവസരങ്ങളായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എംഎൽഎയുമായ ടി കെ ബാലനെക്കുറിച്ച് ഞാനെഴുതിയ ഒരുകഥയുണ്ട്–-‘ഒരു കള്ളക്കഥ’. ബാലൻ ഇല്ലെന്നറിഞ്ഞിട്ടും വീടിനുനേരെ ബോംബെറിഞ്ഞ് മകന്റെ കണ്ണ് തകർക്കുകയും കുടുംബാംഗങ്ങളെ പരിക്കേൽപ്പിക്കുകയും ചെയ്‌ത കോൺഗ്രസ് നേതാവിന്റെ ബോംബ് രാഷ്ട്രീയത്തിനെതിരായിരുന്നു കഥ. കോടിയേരി കഥയിലെ ചില ഭാഗങ്ങൾ ഉദാഹരിച്ച്‌ പലയിടത്തും പ്രസംഗിച്ചു. ‘‘ഈ കഥയെഴുതിയയാൾ ഞങ്ങളുടെ പാർടിക്കാരനല്ല, കോൺഗ്രസ്സുകാരനാണ്’’–- എന്നദ്ദേഹം പ്രസംഗിച്ചു. അമ്മയെക്കുറിച്ച് ദേശാഭിമാനി വാർഷികപ്പതിപ്പിൽ കോടിയേരി എഴുതിയ ഹൃദയസ്പർശിയായ ഓർമക്കുറിപ്പ് വായിച്ച് അദ്ദേഹത്തെ വിളിച്ചു. എന്റെ അമ്മയുമായി ഒട്ടേറെ കാര്യങ്ങളിൽ അവർക്ക് സാദൃശ്യമുണ്ടായിരുന്നു. ഭർത്താവിന്റെ മരണശേഷം കുട്ടികളെ കഷ്ടപ്പെട്ടുവളർത്തിയ അമ്മയുടെ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ അതിനെക്കുറിച്ച് എഴുതാൻ അദ്ദേഹം നിർബന്ധിച്ചു. ഞാൻ ദേശാഭിമാനിയിൽ എഴുതി. അമേരിക്കയിലെ ഹൂസ്റ്റണിൽ ചികിത്സയ്‌ക്കുപോയപ്പോൾ, അവിടത്തെ എന്റെ സുഹൃത്തുക്കളോട് അദ്ദേഹത്തെ ചെന്നുകാണാൻ പറഞ്ഞിരുന്നു. അവർ കാണുകയും ചെയ്തു. അത് കോടിയേരിയെ വല്ലാതെ സ്പർശിച്ചു. നാട്ടിലെത്തിയശേഷം ഒരുദിവസം അദ്ദേഹം വിളിച്ചു. വികാരഭരിതമായിരുന്നു ശബ്ദം. ഏതാണ്ട് മുക്കാൽ മണിക്കൂർ നീണ്ട വിളിയിൽ ഏറെനേരവും ഇരുവർക്കും ഒന്നും സംസാരിക്കാനായില്ല. ആ മനസ്സ് അപ്പോൾ എനിക്ക് കാണാം. ഞാൻ ചോദിച്ചു. എന്തിനാണ് വിളിച്ചത്? ഒന്നുമില്ല. പപ്പേട്ടനെ വിളിക്കണമെന്നു തോന്നി. അത്രമാത്രം. Read on deshabhimani.com

Related News