കേരളത്തിന്റെ മികവ്‌ 
ജനകീയാസൂത്രണത്തിന്റെ പ്രതിഫലനം : ഡോ. തോമസ് ഐസക്‌



തിരുവനന്തപുരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടായ ദുരന്തങ്ങൾ നേരിടുന്നതിൽ സംസ്ഥാനം കാട്ടിയ മികവ് ജനകീയാസൂത്രണത്തിന്റെ പ്രതിഫലനമാണെന്ന് മന്ത്രി ഡോ. തോമസ് ഐസക്‌ പറഞ്ഞു.   സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെക്കുറിച്ചുള്ള റിസർവ് ബാങ്കിന്റെ  റിപ്പോർട്ടിൽ കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ കേരളത്തിലെ  തദ്ദേശസ്ഥാപനങ്ങൾ വഹിച്ച പങ്കിനെ എടുത്തുപറയുന്നു. ഏതു അളവുകോലെടുത്താലും അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ കേരളം ഏറെ മുന്നോട്ടുപോയി. ‘ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ'  വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും (ഗിഫ്‌റ്റ്‌) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) സംഘടിപ്പിച്ച അന്തർദേശീയ ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ജനകീയാസൂത്രണം വഴി വലിയ നേട്ടമുണ്ടായി. സ്ത്രീശാക്തീകരണത്തിലും മികച്ച മുന്നേറ്റം  കൈവരിക്കാനായി. അധികാര വികേന്ദ്രീകരണം ഒരിക്കലും അഴിമതിയുടെ വികേന്ദ്രീകരണമല്ല. ജനകീയാസൂത്രണം അഴിമതിയെ വലിയൊരളവോളം ഇല്ലാതാക്കി. എന്നാൽ, പൂർണമായി ഇല്ലാതാക്കി എന്നു പറയാനാകില്ല. ജനകീയാസൂത്രണം വിപുലമായ മാറ്റങ്ങളാണ് കേരളത്തിന് സംഭാവന ചെയ്തത്. സംസ്ഥാനം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് അനുഗുണമായ വിധം ജനകീയാസൂത്രണ പ്രസ്ഥാനത്തെ മുന്നോട്ടു ചലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഇ ടി ടൈസൺ എംഎൽഎ, ഡോ. ടി എൻ സീമ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, ഗിഫ്റ്റ് ഡയറക്ടർ ഡോ. കെ ജെ ജോസഫ് എന്നിവർ സംസാരിച്ചു. ആറു മുഖ്യ വിഷയത്തിൽ നടന്ന സെഷനുകളിൽ പ്രൊഫ. പി കെ രവീന്ദ്രൻ, വി എൻ ജിതേന്ദ്രൻ, ഡോ. കെ എൻ ഹരിലാൽ, ഡോ. ടി എൻ സീമ, ഡോ. കെ പി കണ്ണൻ, ഡോ. ബി ഇക്‌ബാൽ എന്നിവർ മോഡറേറ്റർമാരായി. ‘പ്രാദേശിക തലത്തിലെ ജനാധിപത്യവും വികസനവും'  വിഷയത്തിൽ നടന്ന സിമ്പോസിയത്തിൽ പ്രൊഫ. റിച്ചാർഡ് ഫ്രാങ്കി മുഖ്യാതിഥിയായി. ജനകീയാസൂത്രണത്തെക്കുറിച്ച് അദ്ദേഹവും ഡോ. തോമസ് ഐസക്കും ചേർന്നെഴുതിയ പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. മണിശങ്കർ അയ്യർ, പ്രൊഫ. പാട്രിക് ഹെല്ലർ, പ്രൊഫ. ജയതി ഘോഷ്, പ്രൊഫ.  എം എ ഉമ്മൻ, പ്രൊഫ. ജിയാനോ പോലോ, പ്രൊഫ. ഓല്ലോ ടോർക്വിസ്റ്റ്, പ്രൊഫ. മൈക്കൽ തരകൻ, ടി ആർ രഘുനാഥൻ, എസ് എം വിജയാനന്ദ്, ഡോ. എം പി പരമേശ്വരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News