എൽഐസി പോളിസി ഉടമകൾക്ക്‌ 
നഷ്ടപരിഹാരം ഉറപ്പാക്കണം : ടി എം തോമസ്‌ ഐസക്‌



തിരുവനന്തപുരം   എൽഐസി സ്വകാര്യവൽക്കരണത്തിൽ  വാശിപിടിക്കുന്ന കേന്ദ്രസർക്കാർ പോളിസി ഉടമകൾക്ക്‌ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. എൽഐസി ദേശസാൽക്കരിച്ചപ്പോൾ നിലവിലുണ്ടായിരുന്ന മ്യൂച്വൽ സൊസൈറ്റികൾക്ക്‌ നഷ്ടപരിഹാരം നൽകി. മ്യൂച്വൽ സൊസൈറ്റികളുടെ മുഴുവൻ ആദായവും പോളിസി ഉടമകൾക്കാണ്. സൊസൈറ്റികളുടെ പോളിസി ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയാണ് ദേശസാൽക്കരണം സാധ്യമാക്കിയത്‌. ഈ തത്വം ഇന്നും ബാധകമാണെന്ന്‌ തോമസ്‌ ഐസക്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.  10 ശതമാനം ഓഹരി സംവരണവും വിലയിൽ 60 രൂപ ഇളവുംകാട്ടി 30 കോടി പോളിസി ഉടമകളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സർക്കാർ. ഓഹരി വിൽക്കാൻ കോർപറേഷന്‌ അവകാശമുണ്ടായിരുന്നില്ല. 2011-ലും 2021-ലും പാസാക്കിയ എൽഐസി നിയമഭേദഗതികളിലൂടെയാണ് ഇത്‌ സ്ഥാപിച്ചെടുത്തത്. 2020-–-21-ൽ 57,120 കോടി രൂപ കോർപറേഷൻ ബോണസ്‌ വിതരണം ചെയ്തു. ലാഭവിഹിതമാക്കിയത്  2829 കോടി രൂപയും. ലാഭത്തിന്റെ 20.19 മടങ്ങാണ് ബോണസായി നൽകിയത്‌. അതേവർഷം രാജ്യത്തെ വലിയ അഞ്ച് സ്വകാര്യ ഇൻഷുറൻസ് കമ്പനി വിതരണംചെയ്ത ബോണസ് തുക 5763 കോടി. ലാഭമായി മാറ്റിയത് 9011 കോടിയും. എൽഐസി സ്വകാര്യവൽക്കരണത്തിലും ഇത്‌ സംഭവിക്കും. 30 കോടിയിൽപ്പരം പോളിസി ഉടമകൾക്ക്‌ 10 ശതമാനം ഓഹരി പങ്കാളിത്തമാണ്‌ വാഗ്‌ദാനം. സ്ഥാപന നിക്ഷേപകർക്ക്‌ 40 ശതമാനത്തിലേറെ നീക്കിവയ്‌ക്കുന്നു. പോളിസി ഉടമകളിൽ ചെറിയ ശതമാനംമാത്രം ഓഹരി ഉടമസ്ഥരാകും. അവരിൽ ഒരു വരേണ്യവിഭാഗത്തിനേ ഈ സ്ഥാനവും ലഭിക്കൂ. പോളിസി ഉടമകൾക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്ന ബോണസ് കുത്തനെ ഇടിയുമെന്നും തോമസ്‌ ഐസക്‌ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News