ജഡ്ജിക്ക് പണം: സൈബി ജോസ് ഹാജരായ കേസിലെ ജാമ്യ ഉത്തരവ് ഹെെക്കോടതി പിൻവലിച്ചു



കൊച്ചി> ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് സൈബി ജോസ് കിടങ്ങൂർ ജഡ്ജിക്കു കെെക്കൂലി നൽകാനെന്ന വ്യാജേന പണം വാങ്ങിയെന്ന് ആരോപണം ഉയർന്ന കേസിൽ കോടതി ജാമ്യ ഉത്തരവ് പിൻവലിച്ചു. സെെബി ഹാജരായ രണ്ട് കേസുകളിലെ ഉത്തരവാണ് പിൻവലിച്ചത്.  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന കേസിൽ പരാതിക്കാരുടെ വാദം കേട്ടില്ലന്ന് കണ്ടെത്തിയാണ് ജസ്റ്റീസ് സിയാദ് റഹ്മാന്റെ  നടപടി. പതിനൊന്ന് പ്രതികൾ വിവിധ കേസുകളിലാണ് ജാമ്യം നേടിയത്.റാന്നി മക്കപ്പുഴ ബൈജു സെബാസ്റ്റൻ, ജിജാ വർഗീസ് എന്നിവർ പ്രതികളായ കേസിൽ 2022 ഏപ്രിൽ 29ന് പുറപ്പെടുവിച്ച ജാമ്യ ഉത്തരവാണ് പിൻവലിച്ചത്. ജാമ്യ അപേക്ഷ പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി. പരാതിക്കാരെ കേൾക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന പരാതിക്കാരുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 2021 ഒക്ടോബർ 21ന് പ്രതികളുമായി വഴിത്തർക്കമുണ്ടായെന്നും തർക്കത്തിനിടെ പ്ലാച്ചേരി സ്വദേശി ബാബു ഉൾപ്പടെയുള്ളവരെ ജാതിപ്പേര് വിളിച്ച് അക്ഷേപിച്ച വെന്നുമാണ് കേസ്. ജാമ്യ അപേക്ഷയിൽ പരാതിക്കാരെ ആദ്യം കക്ഷി ചേർത്തിരുന്നില്ല. പിന്നീട് കോടതി നിർദ്ദേശപ്രകാരം കക്ഷി ചേർത്തു.എന്നാൽ ബന്ധപ്പെട്ട സർക്കാർ ഇൻസ്പെക്ടർ മുഖേന നോട്ടീസ് അയക്കാൻ ഉത്തരവിട്ടെങ്കിലും പരാതിക്കാർക്ക് നോട്ടീസ് ലഭിച്ചിരുന്നില്ലന്ന് കണ്ടെത്തിയാണ് നടപടി. അനുകൂലവിധി വാങ്ങിനൽകാമെന്ന്  പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ജഡ്ജിമാരുടെ പേരിൽ കെെക്കൂലി വാങ്ങിയെന്ന കേസിൽ സെെബിക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് ജാമ്യം നൽകിയ ഉത്തരവുകൾ കോടതി പിൻവലിക്കുന്നത്.   Read on deshabhimani.com

Related News