പ്രായം ജയിച്ചു 
പുഴ തോറ്റു: പെരിയാർ നീന്തിക്കയറിയത്‌ 140 പേർ



ആലുവ ആറുവയസ്സുകാരി യഷിൻ വിജയ്കൃഷ്ണയും അമ്പത്തിമൂന്നുകാരനായ കിഴക്കമ്പലം ഗവ. സ്കൂൾ പ്രധാനാധ്യാപകൻ കെ കെ സോയിയും ഉൾപ്പെടെ 140 പേർ ഒരേസമയം പെരിയാർ നീന്തിക്കടന്നു. 35 മിനിറ്റിലാണ് ഓരോരുത്തരും 780 മീറ്റർ പുഴ നീന്തിക്കയറിയത്. ‘നീന്തൽ അറിയാതെ ഒരാൾപോലും മുങ്ങിമരിക്കരുത്' എന്ന സന്ദേശവുമായി സജി വാളാശേരിൽ റിവർ സ്വിമ്മിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആലുവ പെരിയാറിൽ നടത്തിയ മെഗാ ക്രോസിങ്ങാണ്‌ വിസ്മയമായത്‌. സ്വിമ്മിങ് ക്ലബ്ബിന്റെ 14–--ാംബാച്ചിൽ നീന്തൽ പരിശീലിക്കാനെത്തിയ 1604 പേരിൽനിന്നുള്ളവരാണ് മെഗാ ക്രോസിങ്ങിൽ പങ്കെടുത്തത്. ഞായർ രാവിലെ 7.15ന് മണപ്പുറം മണ്ഡപംകടവിൽനിന്ന്‌ ആരംഭിച്ച് 7.50ന്‌ മണപ്പുറം ദേശംകടവിൽ നീന്തിക്കയറി. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയായിരുന്നു നീന്തൽ. വായു നിറച്ച ട്യൂബ് ഉപയോഗിച്ച് നീന്തൽപ്പാത പുഴയിൽ പ്രത്യേകം അടയാളപ്പെടുത്തി. പൊലീസ്, അഗ്നി രക്ഷാസേന, ആരോഗ്യപ്രവർത്തകർ, നീന്തൽവിദഗ്‌ധർ, ആംബുലൻസ് തുടങ്ങിയവ ഒരുക്കിയിരുന്നു. കൈയടിയും പ്രോത്സാഹനവുമായി രക്ഷിതാക്കളും സുഹൃത്തുക്കളും നിറഞ്ഞു. മെഗാ ക്രോസിങ് അൻവർ സാദത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്‌റ്റന്റ്‌ കലക്ടർ ഹർഷിൽ ആർ മീന, ഡെപ്യൂട്ടി കലക്ടർ കെ ഉഷ ബിന്ദുമോൾ, ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസർ ജ്യോത്സ്‌നനായർ എന്നിവർ നീന്തിക്കയറിയവരെ സ്വീകരിച്ചു. സമാപനസമ്മേളനം നഗരസഭാ ചെയർമാൻ എം ഒ ജോൺ ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News