സ്വപ്‌നയുടെ രഹസ്യമൊഴി ചോർത്തിയ കസ്റ്റംസ്‌ ഉദ്യോഗസ്ഥർക്ക്‌ നടപടി ; അന്വേഷണം കോടതി നിരീക്ഷിക്കും



നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ കസ്‌റ്റംസ്‌ അന്വേഷണം കോടതി നിരീക്ഷിക്കും. അന്വേഷണ പുരോഗതിയുടെ റിപ്പോർട്ട് ഓരോ മൂന്നുമാസം കൂടുമ്പോൾ സമർപ്പിക്കാനും സ്വപ്‌നയുടെ രഹസ്യമൊഴി ചോർത്തിയ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും എറണാകുളം എസിജെഎം കോടതി (സാമ്പത്തിക കുറ്റകൃത്യം) ഉത്തരവിട്ടു. സ്വപ്ന നൽകിയ ഹർജിയിലാണ് നടപടി. മാധ്യമങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം കോടതി തള്ളി. മൊഴി ചോർത്തി നൽകിയത് ഗുരുതര വീഴ്ചയെന്നാണ്‌ കോടതിയുടെ വിലയിരുത്തൽ. അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ അധാർമിക പ്രവൃത്തികൾ സഹിക്കാനാകില്ല. ഉദ്യോഗസ്ഥർ സത്യസന്ധതയോടെ പ്രവർത്തിക്കണം. ലിറ്റർ കണക്കിന്‌ പാലും തേനും നശിപ്പിക്കാൻ ഒരു തുള്ളി വിഷംമാത്രം മതി. വിഷമേതെന്ന്‌ കണ്ടുപിടിക്കാനുള്ള മാർഗമില്ലാതെ അന്വേഷണം മുന്നോട്ടുപോകുന്നത്‌ ബുദ്ധിപരമാണോയെന്നും കോടതി ചോദിച്ചു. ശരിയായ അന്വേഷണം നടത്താതെ വിചാരണ ആരംഭിക്കുന്നത്‌ വിദൂര സാധ്യതയാണ്‌. നീതി നടപ്പാക്കണമെങ്കിൽ അന്വേഷണത്തിന്‌ മേൽനോട്ടം വളരെ അത്യാവശ്യമാണെന്നും കോടതി വ്യക്തമാക്കി.മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ആറ്‌ ദിവസം കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. സ്വർണക്കടത്തിനു പിന്നിൽ വൻ സ്രാവുകളുണ്ടെന്ന്‌ കോടതി നിരീക്ഷിച്ചു. ഇവരുടെ പങ്കാളിത്തം മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി വിലയിരുത്തി. സ്വപ്നയുടെ മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. Read on deshabhimani.com

Related News