റിലീസ്‌ ദിനത്തിലേ പൊട്ടി 
പുതിയ "സ്വപ്‌നം"



തിരുവനന്തപുരം പുതിയ തിരക്കഥയിൽ ആരോപണ നാടകത്തിന്റെ ലേറ്റസ്റ്റ്‌ എപ്പിസോഡുമായി സ്വപ്‌ന സുരേഷ്‌.  ‘ലൈവ്‌ ആരോപണം’ തീരും മുമ്പേ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ചാനൽ മൈക്കിന്‌ മുന്നിൽ. മലയാളിക്ക്‌ കേട്ടുകേൾവി പോലുമില്ലാത്ത ‘വിജയ്‌ പിള്ള’യെ സ്വപ്‌ന അവതരിപ്പിച്ച്‌  നിമിഷങ്ങൾക്കം ചാനലുകൾ ‘വിജേഷ്‌ പിള്ള’യുടെ കൊച്ചിയിലെ ഓഫീസിലെത്തി അഭിമുഖവുമാരംഭിച്ചതോടെ തിരക്കഥാകൃത്തുക്കളാരെന്ന്‌ വ്യക്തം. പതിവുപോലെ മുഖ്യമന്ത്രിക്കും സിപിഐ എമ്മിനുമെതിരെയാണ്‌ സ്വപ്‌നയുടെ ആക്ഷേപം. ആദ്യ കേൾവിയിൽത്തന്നെ നുണക്കഥയെന്ന്‌ മനസ്സിലാകും വിധത്തിലായിരുന്നു സംഭാഷണമൊരുക്കിയത്‌. സാമാന്യബുദ്ധിയെ ചോദ്യം ചെയ്യും തരത്തിലായിരുന്നു ഓരോ ആക്ഷേപവും. തിരക്കഥയ്‌ക്കനുസരിച്ച്‌ ബിജെപി നേതൃത്വവും ഒരു വിഭാഗം മാധ്യമങ്ങളും തയ്യാറായി നിന്നു. സ്വപ്‌നയുടെ ഫെയ്‌സ്‌ബുക്ക്‌ ലൈവിലുടനീളം ‘വിജയ്‌ പിള്ള’ എന്ന പേരായിരുന്നു. സ്വപ്‌ന അഭിഭാഷകൻ മുഖേന കർണാടക ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും കൈമാറിയ ഇ മെയിലിലും വിജയ്‌ പിള്ള എന്ന പേരാണുള്ളത്‌. എന്നാൽ, ലൈവവസാനിച്ച്‌ അൽപ്പസമയത്തിനുള്ളിൽ  ‘സ്വപ്‌ന വെളിപ്പെടുത്തിയ ആൾ വിജയ് പിള്ള അല്ല, വിജേഷ്‌ പിള്ള, ഡബ്ല്യുജിഎൻ ഇൻഫോടെക്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സിഇഒ' എന്ന തലക്കെട്ടിൽ ജന്മഭൂമിയുടെ ഓൺലൈൻ പതിപ്പിൽ തിരുത്ത്‌ പ്രസിദ്ധീകരിച്ചു. ഇതോടെ മറ്റ്‌ മാധ്യമങ്ങളും ഈ പേരുറപ്പിച്ചു. ഉടൻതന്നെ ബിജെപി പ്രസിഡന്റ്  കെ സുരേന്ദ്രൻ മാധ്യമങ്ങളെ കണ്ടു. സ്വപ്‌ന  പറഞ്ഞ ആക്ഷേപങ്ങൾ സുരേന്ദ്രനും ആവർത്തിച്ചു. സ്വപ്‌നയ്‌ക്ക്‌ എതിരെ കേസ്‌ എടുത്തിട്ടുള്ളത്‌ ഇഡി, കസ്‌റ്റംസ്‌ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളാണ്‌. ഇവയിൽ സംസ്ഥാനസർക്കാരിന്‌ ഒരു നിയന്ത്രണവുമില്ല; മറിച്ച്‌ സംസ്ഥാന സർക്കാരിനെതിരെ വടികിട്ടുമോയെന്ന അന്വേഷണത്തിലുമാണ്‌. എന്നിട്ടും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നത്‌ മറ്റാർക്കോ വേണ്ടിയാണെന്ന്‌ വ്യക്തം. കെ സുരേന്ദ്രൻ ആരോപണം ആവർത്തിച്ചതിലൂടെ ആ മുഖവും പുറത്തായി. Read on deshabhimani.com

Related News