ഇഡിയെ കുടുക്കി സ്വപ്‌നയുടെ ശബ്ദരേഖ ; എറണാകുളം ജയിലിൽനിന്ന്‌ വിളിച്ചത്‌ 18 തവണ



തിരുവനന്തപുരം മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ഇഡിയെ വെട്ടിലാക്കി. അന്വേഷണത്തിന്റെ മറവിൽ ഇഡി നടത്തുന്ന ഗൂഢനീക്കം തുറന്നുകാട്ടുന്നതാണ്‌ ശബ്ദരേഖ. ഇതിനിടെ, സ്വപ്‌ന സുരേഷ്‌ റിമാൻഡിൽ കഴിഞ്ഞ ജയിലുകളിൽനിന്ന്‌ സൂപ്രണ്ടുമാർ ജയിൽ മേധാവിക്ക്‌ റിപ്പോർട്ട്‌ നൽകി. ഏറ്റവും കൂടുതൽ റിമാൻഡിൽ കഴിഞ്ഞ എറണാകുളം ജില്ലാ ജയിലിൽനിന്ന് കോടതി അനുമതിയോടെ‌ വീഡിയോ കോൾ അടക്കം 18 തവണ സ്വപ്‌ന വിളിച്ചതായി സൂപ്രണ്ട്‌ റിപ്പോർട്ട്‌ നൽകി‌. വിയ്യൂർ വനിതാ ജയിലിലും സ്വപ്‌ന കഴിഞ്ഞിരുന്നു. എന്നാൽ, ഇവിടെനിന്ന്‌ ഫോൺ ചെയ്‌തിട്ടില്ല‌. നിലവിൽ സ്വപ്‌നയുള്ള അട്ടക്കുളങ്ങര ജയിലിൽ വ്യാഴാഴ്‌ച ജയിൽ ഡിഐജി പരിശോധന നടത്തി. ഇക്കാര്യത്തിൽ കേസെടുക്കുന്ന കാര്യവും പൊലീസ്‌ തീരുമാനിച്ചിട്ടില്ല. ഇഡിയില്‍ നിന്നും ഒരു കത്തും ലഭിച്ചിട്ടില്ലെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയും ജയിൽ മേധാവി ഋഷിരാജ്‌ സിങ്ങും പറഞ്ഞു. ബുധനാഴ്‌ച രാത്രിയാണ്‌ ഓൺലൈൻ മാധ്യമമായ ‘ദ ക്യൂ’ ശബ്ദരേഖ പുറത്തുവിട്ടത്‌. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര്‌ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന്‌ ഇഡി സമ്മർദം ചെലുത്തിയെന്നാണ്‌ സ്വപ്‌ന പറയുന്നത്‌‌.   Read on deshabhimani.com

Related News