സ്വപ്‌ന സുരേഷിനെ എച്ച്‌ആർഡിഎസ്‌ ജോലിയിൽനിന്നും പുറത്താക്കി; അധ്യക്ഷയായി പുതിയ ചുമതല



പാലക്കാട്‌> സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിനെ ജോലിയിൽ നിന്ന്‌  പിരിച്ചുവിട്ടുവെന്ന്‌ എച്ച്‌ആർഡിഎസ്‌. സ്വപ്‌നയെ ശമ്പളമുള്ള ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടതായും എന്നാൽ സ്ത്രീശാക്തീകരണ ഉപദേശക സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും എച്ച്‌ആർഡിഎസ്‌ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്‌തമാക്കി. സര്‍ക്കാരിനെതിരായ ഗൂഢാലോചനയുടെ തിരക്കഥ പൊളിഞ്ഞതോടെയാണ്‌ പുതിയ നീക്കവുമായി ആര്‍എസ്എസ് ബന്ധമുള്ള എച്‌ആർഡിഎസ്‌ എത്തുന്നത്‌. ശമ്പളമുള്ള ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും നിലവിലെ പദവിക്ക് ശമ്പളവും ആനുകൂല്യങ്ങളുമില്ലെന്നുമാണ് എച്ച്ആര്‍ഡിഎസ് വിശദീകരണം. പാലക്കാട് ആസ്ഥാനമായ സ്വകാര്യ എൻജിഒ ആയ എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്നയ്ക്ക് നിയമനം നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം. സ്വപ്‌നയ്‌ക്കെതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നതിനാലാണ്‌  ജോലിയിൽനിന്ന്‌ പുറത്താക്കുന്നതെന്നാണ്‌ വിശദീകരണം. അതേസമയം സ്വപ്‌ന പാലക്കാട്‌ നിന്ന്‌ കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക്‌ താമസം മാറ്റിയിരുന്നു.   Read on deshabhimani.com

Related News