ഗൂഢാലോചന കേസ്‌ റദ്ദാക്കണമെന്ന്‌ സ്വപ്‌ന സുരേഷ്‌; ഹൈക്കോടതിയിൽ ഹർജി നൽകി



കൊച്ചി> ഗൂഢാലോചനയും  കലാപ ശ്രമവും ആരോപിച്ച്‌ പൊലീസ് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റേയും  സർക്കാരിൻ്റെയും പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ടി ജലീൽ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എടുത്ത കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ താൻ മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മൊഴിയിൽ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നും താൻ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമാണന്നും സ്വപ്ന ഹർജിയിൽ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെ തൻ്റെ സുഹൃത്ത് സരിത്തിനെ ഫ്ലാറ്റിൽ നിന്ന് ചിലർ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും പിന്നീടാണ് വിജലൻസ് ആണ് ഇതിന് പിന്നിലെന്നും മനസിലായത്. ലൈഫ്‌മിഷൻ കേസുമായി ബന്ധപ്പെട്ടാണ് സരിതിനെ കസ്റ്റഡിയിൽ എടുത്തതെന്ന് വിജിലൻസ് വിശദീകരിക്കുന്നുണ്ടങ്കിലും മൊഴി നൽകാൻ തന്നെ ആരാണ് പ്രേരിപ്പിച്ചതെന്നാണ് സരിതിനോട് ചോദിച്ചത്. കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് എഫ് ഐ ആർ ഇട്ടത്. എന്നാൽ ഇതിന് മതിയായ കാരണങ്ങൾ പറയുന്നില്ല. ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് തന്നെ പീഡിപ്പിക്കാനും ഭീഷണിപ്പടുത്തി മൊഴി മാറ്റിക്കാനാണ് ശ്രമമെന്നും ഹർജിയിൽ പറയുന്നു.ഹർജി നാളെ പരിഗണിക്കും. Read on deshabhimani.com

Related News