‘രണ്ട്‌ കുട്ടികൾ മതി’ മാനദണ്ഡം നടപ്പാക്കണമെന്ന ബിജെപി നേതാവിന്റെ ഹർജി തള്ളി



ന്യൂഡൽഹി> രാജ്യത്ത്‌ ‘രണ്ട്‌ കുട്ടികൾ മതി’ മാനദണ്ഡം നിർബന്ധമായും നടപ്പാക്കണമെന്ന ബിജെപി നേതാവിന്റെ ഹർജി സുപ്രീംകോടതി തള്ളി. ജനസംഖ്യാവിസ്‌ഫോടനം തടയാൻ കർശനനടപടികൾ നിർദേശിക്കണം, ‘രണ്ട്‌ കുട്ടികൾ മതി’ മാനദണ്ഡം രാജ്യവ്യാപകമായി നടപ്പാക്കണം, മാനദണ്ഡം ലംഘിക്കുന്നവർക്ക്‌ സർക്കാർ സബ്‌സിഡി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കണം- തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഡൽഹി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാദ്ധ്യായയാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.   ‘നിയമനിർമാണത്തിൽ ഇടപെടാൻ കോടതിക്ക്‌ കഴിയില്ല. നിയമകമീഷനോ കോടതിക്കോ ഇതിൽ കാര്യമില്ല. ഞായറാഴ്‌ച്ച ദേശീയ ജനസംഖ്യാനിയന്ത്രണ ദിനമായി പ്രഖ്യാപിക്കണമെന്നത്‌ പോലെയുള്ള ആവശ്യങ്ങളാണ്‌ നിങ്ങൾ ഉന്നയിച്ചിട്ടുള്ളത്‌. അതെല്ലാം നിയമകമീഷൻ പരിഗണിക്കണമെന്ന്‌ പറഞ്ഞാൽ പ്രായോഗികമല്ല’– ജസ്‌റ്റിസ്‌ സഞ്‌ജയ്‌കിഷൻ കൗൾ അദ്ധ്യക്ഷനായ ബെഞ്ച്‌ ഹർജിക്കാരനെ വിമർശിച്ചു. രാജ്യത്ത്‌ ജനസംഖ്യ കുതിച്ചുയരുകയാണെന്നും അടിയന്തിര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ആയിരുന്നു ഹർജിക്കാരന്റെ വാദം. Read on deshabhimani.com

Related News