രണ്ടാഴ്‌ചയ്‌ക്കകം ഏപ്രിൽ കിറ്റ്‌ വിതരണം ചെയ്യും; അതിവേഗം പൂർത്തിയാക്കും: സപ്ലൈകോ



തിരുവനന്തപുരം > മാർച്ചിൽ  75 ലക്ഷം കാർഡുടമകൾക്കും ഏപ്രിലിൽ  16 ലക്ഷം കാർഡുടമകൾക്കും സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്‌തു. മാർച്ച്‌, ഏപ്രിൽ മാസത്തെ കിറ്റ്‌ വിതരണം റേഷൻ കടകൾ വഴി പുരോഗമിക്കുകയാണ്‌. എന്നാൽ കിറ്റ്‌ വിതരണം നിലച്ചതായും വേണ്ടത്ര കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചില്ലെന്നുമുള്ള വാർത്തകൾ തെറ്റാണെന്ന്‌ സപ്ലൈകോ സിഎംഡി അലി അസ്‌ഗർ പാഷ അറിയിച്ചു.    മാർച്ച്‌ 12നാണ്‌ മാർച്ചിലെ കിറ്റ്‌ വതരണം തുടങ്ങിയത്‌. മാർച്ച്‌ എട്ടിന്‌ കിറ്റുകൾ തയ്യാറാക്കി തുടങ്ങി. ഏപ്രിൽ മാസ കിറ്റിനുള്ള ഒരുക്കങ്ങളും മാർച്ച്‌ 24ന്‌ തുടങ്ങി. 30 മുതലാണ്‌ ഏപ്രിൽ മാസ കിറ്റ്‌‌ വിതരണം തുടങ്ങിയത്‌. 75 ലക്ഷം കാർഡുടമകൾ  ഇതിനകം മാർച്ച്‌ മാസത്തെ കിറ്റ്‌ വാങ്ങി. ഏപ്രിലിലെ കിറ്റ്‌ 16 ലക്ഷം പേരും വാങ്ങി. കഴിഞ്ഞ രണ്ടാഴ്‌ചയിൽ അവധി ദിനങ്ങളും കിറ്റ്‌ സംബന്ധമായ ജോലികൾ ചെയ്‌തിരുന്ന ഉദ്യോഗസ്ഥർക്ക്‌ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടി നിർവഹിക്കേണ്ടിയും വന്നു. കിറ്റ്‌ പായ്‌ക്ക്‌ ചെയ്യാനായുള്ള സംഭരണ കേന്ദ്രങ്ങളായും പായ്‌ക്കിങ് കേന്ദ്രങ്ങളായും പ്രധാനമായും പ്രവർത്തിച്ചിരുന്നത്‌ സ്‌കൂൾ കെട്ടിടങ്ങളായിരുന്നു. തെരഞ്ഞെടുപ്പ്‌ നടപടികൾക്കായി ഏപ്രിൽ ആറിന്‌ മുമ്പായി ഈ കെട്ടിടങ്ങൾ ഒഴിഞ്ഞുകൊടുത്തു. തെരഞ്ഞെടുപ്പിനുശേഷം ഈ കെട്ടിടങ്ങൾ പായ്‌ക്കിങ്ങിനായി തിരികെ ലഭിക്കുന്നതിനും കാലതാമസം നേരിടുന്നുണ്ട്‌. ഈ സാഹചര്യത്തിലും അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഏപ്രിൽ മാസത്തെ കിറ്റ്‌ വിതരണം പൂർത്തീകരിക്കുന്നതിന്‌ ആവശ്യമായ ഒരുക്കങ്ങൾ സജ്ജമാണെന്ന്‌ സപ്ലൈകോ സിഎംഡി അറിയിച്ചു.   റേഷൻ കടകൾക്ക്‌ നൽകാനായി ഏപ്രിൽ മാസത്തെ 12 ലക്ഷം കിറ്റ്‌ ഇതിനകം  സജ്ജമാണ്‌. കോവിഡ്‌ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും അവധിയെടുക്കാതെ വിശ്രമരഹിതമായി ജോലി ചെയ്യുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും മനോവീര്യം കെടുത്തുംവിധമാണ്‌ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതെന്നും സപ്ലൈകോ അറിയിച്ചു. Read on deshabhimani.com

Related News