ഏകാധിപത്യ ഫാസിസ്‌റ്റ്‌ പ്രവണതകൾ; മുഖ്യധാര മാധ്യമങ്ങളുടേത്‌ നിസംഗമായ മൗനം: സുനിൽ പി ഇളയിടം

‘സ്വദേശാഭിമാനി രാജ്യദ്രോഹിയായ രാജ്യസ്‌നേഹി’ പുസ്‌തകത്തിന്റെ രണ്ടാംപതിപ്പ്‌ സുനിൽ പി ഇളയിടം 
ബോസ് കൃഷ്ണമാചാരിക്ക് നൽകി പ്രകാശിപ്പിക്കുന്നു


ആലപ്പുഴ > ഏകാധിപത്യ ഫാസിസ്‌റ്റ്‌ പ്രവണതകൾക്കെതിരായ പ്രതികരണം രാജ്യദ്രോഹമായി ചിത്രീകരിക്കുമ്പോൾ നിസംഗമായ മൗനം പുലർത്തുകയാണ്‌ മുഖ്യധാര മാധ്യമങ്ങളെന്ന്‌ സുനിൽ പി ഇളയിടം.  മാധ്യമ പ്രവര്‍ത്തനം- സ്വദേശാഭിമാനിയുടെ കാലത്തും ഇന്നും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.   10 മാസം പിന്നിട്ട കർഷകസമരത്തിന്‌ മാധ്യമങ്ങൾ നൽകിയ ഇടം പരിശോധിക്കേണ്ടതാണ്‌. പുരാവസ്‌തു തട്ടിപ്പിന്‌ നൽകിയ ഇടത്തിന്റെ പത്തിലൊന്നുപോലും വരില്ല. കർഷകരുടെ നെഞ്ചിലേക്ക്‌ മന്ത്രിപുത്രൻ വണ്ടിയോടിച്ച്‌ കയറ്റിയ രാത്രിയിൽ ശബരിമലയിലെ ചെമ്പോലയെക്കുറിച്ചാണ്‌ ഒരു ചാനൽ ചർച്ച ചെയ്‌തത്‌. വക്കം അബ്‌ദുൽഖാദർ മൗലവിയെപ്പോലെ പത്രാധിപരെ പിന്തുണച്ച ഒരു പത്രഉടമയ്‌ക്ക്‌ അർഹിക്കുന്ന അംഗീകാരം നൽകാൻ നമുക്കായിട്ടില്ല. അഞ്ഞൂറോളം കോപ്പി അച്ചടിച്ചിരുന്ന പത്രങ്ങളിൽ പത്തുവർഷത്തോളം മാത്രം പ്രവർത്തിച്ചവരാണ്‌ സ്വദേശാഭിമാനിയും കേസരി ബാലകൃഷ്‌ണപിള്ളയുമെല്ലാം. അവരാണ്‌ പത്രപ്രവർത്തനത്തിന്റെ മാതൃകയായതെന്നും സുനിൽ പി ഇളയിടം പറഞ്ഞു.   ലോകമേ തറവാട് കലാപ്രദർശന വേദിയില്‍ നടന്ന ചടങ്ങ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്‌തു. സ്വദേശാഭിമാനി രാമകൃഷ്ണനെപ്പോലുള്ളവരുടെ ആശയങ്ങൾക്ക് പ്രചാരം നല്‍കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും ചെറുപ്രായത്തിൽ ചരിത്രത്തിന്റെ ഭാഗമാകാൻ സാധിച്ച മഹാനാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. ടി വേണുഗോപാൽ രചിച്ച ’സ്വദേശാഭിമാനി രാജ്യദ്രോഹിയായ രാജ്യസ്‌നേഹി’ പുസ്‌തകത്തിന്റെ രണ്ടാംപതിപ്പ്‌ സുനിൽ പി ഇളയിടം പ്രകാശിപ്പിച്ചു. ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ്‌ ബോസ്‌ കൃഷ്‌ണമാചാരി പുസ്‌തകം ഏറ്റുവാങ്ങി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു അധ്യക്ഷനായി. പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ കെ യു ഗോപകുമാർ, കാർട്ടൂണിസ്റ്റ് സുധീർ നാഥ് എന്നിവർ സംസാരിച്ചു. മീഡിയ അക്കാദമി സെക്രട്ടറി എൻ പി സന്തോഷ്‌ സ്വാഗതവും പ്രസ്‌ ക്ലബ്‌ സെക്രട്ടറി ആർ രാജേഷ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News