ഹലാൽ വിഷയത്തിൽ സുനിൽ പി ഇളയിടത്തിന്റെ പേരിൽ വ്യാജ പ്രചാരണം; പരാതി നൽകും



കൊച്ചി >ഹലാൽ ഭക്ഷണ വിഷയവുമായി ബന്ധപ്പെട്ട്‌ സുനിൽ പി ഇളയിടത്തിന്റെ പേരിൽ വ്യാജ പോസ്‌റ്റുകളുമായി വർഗീയവാദികൾ. ഫെയ്‌സ്‌ബുക്കിലാണ്‌ സുനിൽ പി ഇളയിടം പറഞ്ഞുവെന്ന പേരിൽ പോസ്‌റ്റുകൾ പ്രചരിക്കുന്നത്‌. സംഭവത്തിൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന്‌ സുനിൽ പി ഇളയിടം പറഞ്ഞു. "മതത്തിന്റെ പേരിലുള്ള വേർതിരിവുണ്ടാക്കുന്ന ഭക്ഷണരീതിയാണ്‌ ഹലാൽ. ഹലാൽ ഭക്ഷണരീതി പ്രാകൃതം, ഖുർആൻ. തിരുത്തപ്പെടേണ്ടത്‌ തിരുത്തപ്പെടണം' - ഇങ്ങനെയാണ്‌ വ്യാജ പോസ്‌റ്റിലെ വാചകങ്ങൾ. സുനിൽ പി ഇളയിടം പറഞ്ഞുവെന്ന പേരിൽ അദ്ദേഹത്തിന്റെ ചിത്രവും ഉൾപ്പെടുത്തിയാണ്‌ പോസ്‌റ്റ്‌. വർഗ്ഗീയ വാദികൾകെട്ടിച്ചമച്ചതായിരിക്കും ഇതെന്ന് ഊഹിക്കുന്നതായി സുനിൽ പി ഇളയിടം പറഞ്ഞു. സമൂഹത്തിൽമതവിദ്വേഷവും വർഗ്ഗീയമായ ചേരിതിരിവും സൃഷ്‌ടിക്കാൻഹൈന്ദവ വർഗ്ഗീയവാദികൾ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാൽഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ളത്. മുസ്ലീം ജനതയെ അപരവത്കരിക്കാനുള്ള വർഗ്ഗീയ വാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നിൽ. മതത്തിൻ്റെ പേരിൽ വെറുപ്പ് വിതയ്‌ക്കാനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളായ മുഴുവൻ ആളുകളും  ഒത്തുചേർന്ന് ആ ഗൂഢാലോചനയെ എതിർത്തു തോൽപ്പിക്കണമെന്നും സുനിൽ പി ഇളയിടം പറഞ്ഞു. Read on deshabhimani.com

Related News