മദ്യവിൽപനശാലകളും ബാറുകളും ഞായറാഴ്‌ച അവധി



തിരുവനന്തപുരം > ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും ബാറുകളും ഞായറാഴ്‌ച  പ്രവർത്തിക്കില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു. അടുത്ത ഞായറാഴ്‌ചയും ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടുത്ത രണ്ടു ഞായറാഴ്‌ചകളിലും ലോക്‌ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാലാണ്‌ അവധി പ്രഖ്യാപിച്ചത്‌. അതേസമയം, കള്ളുഷാപ്പുകള്‍ ഞായറാഴ്‌ച തുറന്ന്‌ പ്രവർത്തിക്കും. ഹോട്ടലുകൾ, പഴം‐പച്ചക്കറി, പലചരക്ക്‐പാല്‍, മത്സ്യം‐മാംസം എന്നിവ വില്‍ക്കുന്ന കടകൾക്കും ഞായറാഴ്‌ച രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളും ബേക്കറികളും തുറന്ന്‌ പ്രവർത്തിക്കുമെങ്കിലും പാഴ്‌സല്‍ വിതരണവും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ ഇ കൊമേഴ്‌സ്‌, കൊറിയർ സേവനങ്ങൾക്ക്‌ തടസമില്ല. കോവിഡുമായും അവശ്യസേവനങ്ങളുമായും ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക്‌ സ്ഥാപന മേധാവി അനുവദിക്കുന്നെങ്കിൽ തിരിച്ചറിയൽ കാർഡുമായി  യാത്ര ചെയ്യാം. ദീർഘദൂര ബസ്‌, ട്രെയിൻ, വിമാന യാത്രക്കാർക്ക്‌ സ്‌റ്റേഷനുകളിലെത്താൻ യാത്രയ്‌ക്ക്‌ തടസമില്ല. രോഗികൾ,  സഹയാത്രികർ, വാക്‌സിൻ എടുക്കാൻ പോകുന്നവർ, ആശുപത്രി ജീവനക്കാർ, പാചകവാതക വിതരണക്കാർ, പരീക്ഷാർഥികൾ, ശുചീകരണ തൊഴിലാളികൾ, അടിയന്തര വാഹന അറ്റകുറ്റപ്പണിക്കായി വർക്‌ഷോപ്പ്‌ ജീവനക്കാർ, 24 മണിക്കൂറും പ്രവർത്തിക്കേണ്ട വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്ക്‌ യാത്രാവിലക്കില്ല. കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ പരിശോധന കടുപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.   Read on deshabhimani.com

Related News