ഭരണഘടനയ്‌ക്കു പകരം സ്‌ത്രീവിരുദ്ധമായ മനുസ്‌മൃതി നടപ്പാക്കാൻ മോദിയുടെ ശ്രമം: സുഭാഷിണി അലി



എം സി ജോസഫൈൻ നഗർ(ആലപ്പുഴ) അങ്ങേയറ്റം സ്‌ത്രീവിരുദ്ധമായ  മനുസ്‌മൃതി ഇന്ത്യയുടെ ഭരണഘടനയാക്കാനാണ്‌ നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നതെന്ന്‌ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌ സുഭാഷിണി അലി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന സമ്മേളനം എം സി ജോസഫൈൻ നഗറിൽ ( കാമിലോട്ട്‌ കൺവൻഷൻ സെന്റർ ) ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. ഇന്ത്യയിലെ സ്‌ത്രീകൾ അപമാനിതരാകില്ലെന്ന്‌  2022ലെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രസംഗിച്ചു. എന്നാൽ അന്നുതന്നെ  ഗുജറാത്ത്‌ സർക്കാർ ബിൽക്കിസ്‌ ബാനുവിന്റെ കുടുംബത്തിലെ മൂന്നു സ്‌ത്രീകളെ ബലാത്സംഗം ചെയ്യുകയും 12 പേരെ കൊലപ്പെടുത്തുകയും ചെയ്‌ത 11 ക്രിമിനലുകളെ വിട്ടയച്ചു. പ്രതികളെ വി എച്ച്‌പിക്കാർ മാലയിട്ടു സ്വീകരിച്ചു. കാൽതൊട്ട്‌ വന്ദിച്ചു. ഇര താണ ജാതിക്കാരനെങ്കിൽ മനുസ്‌മൃതിയിൽ ചെറിയ ശിക്ഷയാണ്‌. ഉയർന്ന ജാതിക്കാർക്കെതിരെ താണ ജാതിക്കാർ കുറ്റംചെയ്‌താൽ പീഡിപ്പിച്ചു കൊല്ലും.   നവോത്ഥാനവും സ്‌ത്രീവിമോചനവും തമ്മിലെ ബന്ധം തിരിച്ചറിയണം. അംബേദ്കറെ അംഗീകരിക്കാത്തതിനു കാരണം ജാതീയതയായിരുന്നു. സ്‌ത്രീകൾക്ക്‌ ഒരു അവകാശവും മനുവാദം തരുന്നില്ല. സ്‌ത്രീകൾക്ക്‌ വിലയില്ലാത്തതുകൊണ്ടാണ്‌ വിവാഹത്തിന്‌ 100 പവൻ സ്ത്രീധനം കൊടുക്കേണ്ടി വരുന്നത്‌. ജാതി, ലിംഗം, വർഗം എന്നിവയുടെ പേരിലെല്ലാം മനുവാദം മനുഷ്യരെ ചൂഷണം ചെയ്യുന്നു. കേരളത്തിലും മനുവാദം കടന്നുകയറുകയാണ്‌. കേരളം മനുവാദത്തിനെതിരായ പോരാട്ടത്തിൽനിന്ന്‌ പിറകോട്ടു പോയാൽ ഇന്ത്യയിൽ  മനുവാദത്തെ ജയിക്കാനാകില്ലെന്നും സുഭാഷിണി അലി പറഞ്ഞു. Read on deshabhimani.com

Related News