പത്തനംതിട്ടയിൽ ഈ വർഷം നായ്‌ക്കൾ ആക്രമിച്ചത്‌ 9203 പേരെ

പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ കിടക്കുന്ന തെരുവുനായ്ക്കൾ


പത്തനംതിട്ട > ജില്ലയിൽ നായ്‌ക്കളുടെ കടിയേറ്റ്‌ ഈ വർഷം ആശുപത്രിയിൽ ചികിത്സ തേടിയത്‌ 9203 പേർ. നവംബർ മാസത്തിൽ മാത്രം 1065 പേർ നായ്‌ക്കളുടെ കടിയേറ്റ്‌ ചികിത്സയ്‌ക്കെത്തി. ഇവരിൽ ഭൂരിഭാഗവും തെരുവ്‌ നായ്‌ക്കളുടെ കടിയേറ്റവരാണ്‌. വളർത്തുനായ്‌ക്കളിൽനിന്ന്‌ ആക്രമണമുണ്ടായി ചികിത്സ തേടിയെത്തുന്നവരും നിരവധി. സെപ്‌റ്റംബറിൽ വള്ളിക്കോട്‌ സ്വദേശി പേവിഷബാധയേറ്റ്‌ മരിക്കുകയും ചെയ്‌തു.   കഴിഞ്ഞ ദിവസങ്ങളിൽ കോന്നിയിൽ പത്തിലേറെ പേർക്ക്‌ തെരുവുനായ്‌ക്കളിൽനിന്ന്‌ ആക്രമണം നേരിടേണ്ടി വന്നിരുന്നു. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും വഴിയാത്രക്കാരുമെല്ലാം ആക്രമണത്തിന്‌ ഇരയായി. ഇതിന്‌ ഒരു ദിവസം മുൻപ്‌ റാന്നിയിൽ കുറുക്കന്റെ ആക്രമണത്തിലും ചിലർക്ക്‌ പരിക്കേറ്റിരുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക്‌ ഭീഷണിയായും തെരുവുനായ്‌ക്കൾ മാറുന്നു. ഇവ മൂലം അപകടത്തിൽപ്പെട്ട്‌ ചികിത്സക്കെത്തുന്നവരുണ്ട്‌. കോവിഡിനെ തുടർന്ന്‌ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ റോഡുകളിൽ തെരുവ്‌ നായ ശല്യം ഇരട്ടിച്ചിരുന്നു.   ഈ വർഷം തുടക്കം മുതൽ നായ്‌ക്കളുടെ കടിയേറ്റ്‌ ചികിത്സയ്‌ക്ക്‌ എത്തിയവർ : ജനുവരി –- 986 പേർ, ഫെബ്രുവരി – -905, മാർച്ച്‌ – -1031, ഏപ്രിൽ – -819, മെയ്‌ – -647, ജൂൺ – -781, ജൂലൈ –- 840, ആഗസ്‌റ്റ്‌ – -818, സെപ്‌റ്റംബർ –- 873, ഒക്‌ടോബർ – -1256. തെരുവുനായ വന്ധ്യംകരണം അതാത്‌ തദ്ദേശസ്ഥാപനങ്ങൾ എബിസി (അനിമൽ ബർത്ത്‌ കൺട്രോളിങ്‌) പദ്ധതിയായി നടപ്പാക്കുന്നുണ്ട്‌. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന്റെ പുളിക്കീഴുള്ള കേന്ദ്രത്തിലാണ്‌ ഇത്‌ നടപ്പാക്കുന്നത്‌. തദ്ദേശസ്ഥാപനങ്ങൾ എബിസി പദ്ധതിക്കായി തുക മാറ്റി വെക്കാറുണ്ട്‌. Read on deshabhimani.com

Related News