ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗമുൾപ്പെടെ രാജിവച്ചു; സിപിഐ എമ്മുമായി സഹകരിക്കും

ആർഎസ്‌പിയിൽ നിന്ന്‌ രാജിവച്ചെത്തിയ നേതാക്കളെ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ സ്വീകരിക്കുന്നു


കൊല്ലം > നേതൃത്വത്തിന്റെ പിടിപ്പുകേടിലും പാർടിയെ യുഡിഎഫ്‌ പാളയത്തിൽ തളച്ചിട്ടതിലും പ്രതിഷേധിച്ച്‌ നേതാക്കൾ കൂട്ടത്തോടെ ആർഎസ്‌പി വിടുന്നു. ആർഎസ്‌പി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആർ ശ്രീധരൻപിള്ള, ജില്ലാ കമ്മിറ്റി അംഗം ഡി പ്രശാന്ത്‌, ആർവൈഎഫ്‌ നേതാക്കളായ ആർ പ്രദീപ്‌, ആർ ശ്രീരാജ്‌ എന്നിവരാണ്‌ ചൊവ്വാഴ്‌ച രാജിവച്ചത്‌. ഇവർ സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കും. കൊല്ലത്ത്‌ പോളയത്തോട്‌ എൻഎസ്‌ സ്‌മാരകത്തിലെത്തിയ നേതാക്കളെ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ രക്‌തഹാരമണിയിച്ച്‌ പാർടിയിലേക്ക്‌ സ്വീകരിച്ചു. യുഡിഎഫിന്റെ ചട്ടുകമായ ആർഎസ്‌പിയുടെ രാഷ്‌ട്രീയ പ്രസക്‌തി നഷ്‌ടപ്പെട്ടെന്നും പാർടിയിൽ കാര്യങ്ങൾ വ്യക്‌തികേന്ദ്രീകൃതമാണെന്നും ആർ ശ്രീധരൻപിള്ളയും മറ്റ്‌ നേതാക്കളും പറഞ്ഞു. യുടിയുസി സംസ്ഥാന വൈസ്‌ പ്രസിഡന്റും മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ മുൻ ചെയർമാനുമായ ശ്രീധരൻപിള്ള ആർഎസ്‌പി ബി മുൻ ജില്ലാ സെക്രട്ടറിയും ജില്ലയിലെ പ്രമുഖ നേതാവുമാണ്‌. തൃക്കടവൂർ പഞ്ചായത്ത്‌ മുൻ പ്രസിഡന്റും കോർപ്പറേഷൻ മുൻ കൗൺസിലറുമാണ്‌ ഡി പ്രശാന്ത്‌. ആർവൈഎഫ്‌ കുണ്ടറ മണ്ഡലം കമ്മിറ്റി അംഗമാണ്‌ ആർ പ്രദീപ്‌. ആർ ശ്രീരാജ്‌ പിഎസ്‌യു (ബി) കൊല്ലം ജില്ലാ  പ്രസിഡന്റ്‌ ആയിരുന്നു. Read on deshabhimani.com

Related News