അതിജീവനപാഠം; ഇത്‌ കരുതലിന്റെ രണ്ടാം വിജയാരവം



തിരുവനന്തപുരം > എസ്‌എസ്‌എൽസിക്കൊപ്പം നടത്തിയ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിലും മോഡറേഷനില്ലാതെ വിദ്യാർഥികൾ മികച്ച വിജയം കൈവരിച്ചതോടെ‌ കരുതലിന്റെ വിജയാരവം വീണ്ടും ഉയരുകയാണ്‌. ഭയന്ന്‌ പിന്മാറാതെ ജാഗ്രതയോടെ നേരിട്ടാൽ പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്ന സന്ദേശമാണ്‌ രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിലെ പൊൻവിജയം സമ്മാനിക്കുന്നത്‌. സിബിഎസ്‌ഇ, ഐസി‌എസ്‌ഇ ബോർഡുകൾ 10ഉം 12ഉം ക്ലാസുകളിലെ സിലബസ്‌ വെട്ടിച്ചുരുക്കിയും പരീക്ഷ റദ്ദാക്കിയും ഫലം പ്രഖ്യാപിക്കുമ്പോഴാണ്‌ പാഠഭാഗങ്ങളൊന്നും കുറയ്‌ക്കാതെ മുഴുവൻ വിദ്യാർഥികളെയും സാമൂഹ്യ അകലം ഉറപ്പാക്കി പരീക്ഷാ ഹാളിലെത്തിച്ച്‌ പരീക്ഷാ നടത്തിപ്പിൽ നൂറിൽ നൂറും നേടി നമ്മുടെ കൊച്ചുകേരളം ലോകത്തിന്‌ മാതൃകയാകുന്നത്‌. പരീക്ഷകൾ ജനകീയ സഹകരണത്തോടെ പൂർത്തിയാക്കാമെന്ന്‌ സർക്കാർ തീരുമാനിച്ചപ്പോൾ വിദ്യാർഥികളും രക്ഷിതാക്കളും നാടാകെയും ആ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു. പരീക്ഷാ നടത്തിപ്പിന്റെ പേരിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും അധിക്ഷേപിച്ച്‌ പ്രതിസന്ധി മുർച്ഛിപ്പിക്കാമെന്ന്‌ കിനാവുകണ്ട പ്രതിപക്ഷത്തിനുള്ള രണ്ടാമത്തെ പ്രഹരമാണ്‌ പ്ലസ്‌ടു പരീക്ഷാ വിജയത്തിലൂടെ വിദ്യാർഥികൾ നൽകിയത്.‌ 2043 കേന്ദ്രത്തിലെ ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പിനുശേഷം 66 മൂല്യനിർണയ ക്യാമ്പുകളിലും 26 ഇരട്ട മൂല്യനിർണയ ക്യാമ്പുകളും അതീവ ജാഗ്രതയോടെയാണ്‌ മൂന്നരലക്ഷം കുട്ടികളുടെ ഉത്തരക്കടലാസുകൾ പരിശോധിച്ചത്‌. ഒരു വിഭാഗം അധ്യാപകരെ പിന്തിരിപ്പിച്ച്‌ മൂല്യനിർണയം അട്ടിമറിക്കാനുള്ള പ്രതിപക്ഷത്തിന്റെ കുത്സിതനീക്കങ്ങളെയും മഹാമാരിക്കൊപ്പം അതിജീവിച്ചാണ്‌ പ്ലസ്‌ടു പരീക്ഷാ ഫലം നിശ്‌ചിത സമയത്തിൽ വിദ്യാർഥികളിലെത്തിച്ചതെന്നതും ശ്രദ്ധേയമാണ്‌. ജനകീയ വിദ്യാഭ്യാസത്തിന്‌ കേരളം നൽകുന്ന കരുതലും  പ്രതിസന്ധികളെ തരണം ചെയ്യാനുള്ള  ജനപിന്തുണയുമാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ച‌ പ്ലസ്‌ടു ഫലത്തിലും പ്രതിഫലിക്കുന്നത്‌. സ്‌പെഷ്യൽ സ്‌കൂളുകൾക്ക്‌ 100 മേനി തൊഴിലധിഷ്‌ഠിത ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്തെ മൂന്ന്‌ സ്‌പെഷ്യൽ സ്‌കൂളിനും നൂറുമേനി. ഗവ. വിഎച്ച്‌എസ്‌എസ്‌ ആൻഡ്‌ ടിഎച്ച്‌എസ്‌ ജഗതി, സിഎസ്‌ഐ വിഎച്ച്‌എസ്‌എസ്‌ തിരുവല്ല, ഗവ. വിഎച്ച്‌എസ്‌എസ്‌ ഒറ്റപ്പാലം. ബധിര വിദ്യാലയങ്ങളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. എൻഎസ്‌ക്യുഎഫ്‌–-73.02ശതമാനം എൻഎസ്‌ക്യുഎഫ്‌ വിഭാഗത്തിൽ 73.02 ശതമാനം വിജയം. 2755 വിദ്യാർഥികൾ ഉന്നതപഠനത്തിന്‌ യോഗ്യത നേടി. ഇതിൽ 1513 പേർ ആൺകുട്ടികളും 1242 പേർ പെൺകുട്ടികളുമാണ്‌. രണ്ട്‌ വിദ്യാലയങ്ങൾക്ക്‌ നൂറുമേനി. 12 വിദ്യാർഥികൾക്ക്‌ മുഴുവൻ വിഷയങ്ങൾക്കും എ പ്സസ്‌. 6 വിഷയത്തിൽ സമ്പൂർണ ജയം രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 46 കോമ്പിനേഷനുകളിലായി 53 വിഷയങ്ങളിൽ പരീക്ഷ നടത്തിയപ്പോൾ ആറ്‌‌ വിഷയങ്ങളിൽ സമ്പൂർണ ജയം. ഉറുദു, ലാറ്റിൻ, സിറിയൻ, ജർമൻ, അറബിക്‌ (ഓപ്‌ഷണൽ), ഇസ്ലാമിക്‌ ഹിസ്‌റ്ററി വിഷയങ്ങളിൽ എഴുതിയ മുഴുവൻ പേരും വിജയിച്ചു‌. ഓരോന്നിലും നൂറു മുതൽ 3000 വരെ വിദ്യാർഥികളാണ് പരീക്ഷ‌‌ എഴുതിയത്‌. അതേ സമയം ഏറ്റവും കുടുതൽ പേർ എഴുതിയ ഇംഗ്ലീഷിന്‌ 89.93 ആണ്‌ വിജയശതമാനം. 3,77, 837 പേർ എഴുതിയതിൽ 3,39, 804 പേർ വിജയം നേടി. 1, 94,448 പേർ എഴുതിയ മലയാളത്തിന്‌ 98. 92 ശതമാനമാണ്‌ വിജയം. ഒരു ലക്ഷത്തിൽ കുടുതൽ പേർ എഴുതിയ മറ്റു വിഷയങ്ങളിലെ വിജയശതമാനം ഇങ്ങനെ. എഴുതിയവരുടെ എണ്ണം ബ്രായ്‌ക്കറ്റിൽ:  ഹിന്ദി (1,21,906)–- 99.84,  ഫിസിക്‌സ്‌ (1, 83, 871)–- 91.75, കെമിസ്ട്രി (1, 83, 888)–-89.92, ബയോളജി (1,50,161)–-95.10, മാത്തമാറ്റിക്‌സ്‌ സയൻസ്‌ (1,81,979)–-90.06, ഇക്കണോമിക്‌സ്‌ (1,87,661)–- 88. 07, ബിസിനസ്‌ സ്‌റ്റഡീസ്‌ (1,16,346)–-88.53. ഫുൾ എ പ്ലസ്‌ 18510 ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയത്‌ 18510 വിദ്യാർഥികൾ. 31605 പേർ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോ അതിന്‌ മുകളിലോ നേടി. എറണാകുളം, മലപ്പുറം: കൈയടിക്കാം ഹയർസെക്കൻഡറി പരീക്ഷയിൽ എറണാകുളം ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ വിജയശതമാനമുള്ളത്‌–-- 89.02.  ഏറ്റവും കുറവ്‌ കാസർകോട്‌–-78.68.  ഏറ്റവും കൂടുതൽ വിദ്യാർഥികളെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസിന്‌ അർഹമാക്കിയ ജില്ല മലപ്പുറമാണ്‌. ജില്ലയിൽ 2234 എ പ്ലസുകാരുണ്ട്‌. കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്‌ക്ക്‌ സജ്ജരാക്കിയ പട്ടം സെന്റ്‌ മേരീസ്‌  ഹയർസെക്കൻഡറി സ്‌കൂൾ 95.95 ശതമാനം വിജയം നേടി. സയൻസ്‌ വിഭാഗത്തിൽ 88.62, ഹ്യുമാനിറ്റീസിൽ 77.76, കൊമേഴ്‌സിൽ 84.52 ആണ്‌‌ വിജയശതമാനം. എസ്‌സി വിഭാഗത്തിൽ 67.96, എസ്‌ടി–-63.46, ഒഇസി–-78.20, ഒബിസി–-85.94, ജനറൽ വിഭാഗത്തിൽ 93.30 ശതമാനം വിദ്യാർഥികളും ഉന്നതപഠനത്തിന്‌ യോഗ്യത നേടി. സയൻസിൽ 13037, ഹ്യുമാനിറ്റീസിൽ 1630, കൊമേഴ്‌സിൽ 3843 പേരും മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ്‌ നേടി. തൊഴിലധിഷ്‌ഠ ഹയർസെക്കൻഡറി പരീക്ഷാഫലവും പ്രഖ്യാപിച്ചു. കണ്ടിന്യൂസ് ഇവാല്യൂവേഷൻ ആൻഡ്‌ ഗ്രേഡിങ് (റിവൈസ്ഡ് കം മോഡുലാർ) സ്‌കീമിൽ 81.80 ശതമാനം പേർ പാർട്ട് ഒന്നിലും രണ്ടിലും 76.06 ശതമാനം പേർ ഉന്നതപഠനത്തിനും അർഹത നേടി. Read on deshabhimani.com

Related News