ബിജെപിയിലും കോൺഗ്രസിലും ജനാധിപത്യമില്ല: എസ്‌ആർപി



കണ്ണൂർ > ബിജെപിയിലും കോൺഗ്രസിലും ജനാധിപത്യമില്ലെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള.   ആഭ്യന്തര ജനാധിപത്യമില്ലാത്ത പാർടികൾക്ക്‌ രാജ്യത്ത ജനാധിപത്യത്തെ സംരക്ഷിക്കാനാവില്ല. ബിജെപിക്കും കോൺഗ്രസിനും ആഭ്യന്തര ജനാധിപത്യമില്ല.  ബിജെപിയെ നിയന്ത്രിക്കുന്നത്‌ ആർഎസ്‌എസാണ്‌. കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്‌ ഒരു കുടുംബവും അവരെ ചുറ്റിപ്പറ്റിയുള്ള കോക്കസുമാണ്‌. വാർത്തസമ്മേളനത്തിൽ എസ്‌ആർപി പറഞ്ഞു. സിപിഐ എം ആഭ്യന്തര ജനാധിപത്യമുള്ള പാർടിയാണ്‌. സിപിഐ എം സമ്മേളനങ്ങൾ ഏറ്റവും വലിയ ജനാധിപത്യ വേദിയാണ്‌. നയങ്ങളും നേതൃത്വവും തീരുമാനിക്കുന്നത്‌ പാർടി അംഗങ്ങളാണ്‌. അതിനുള്ള വേദിയാണ്‌  പാർടി സമ്മേളനം. ബൂർഷ്വാ പാർടികൾക്ക്‌ ഇത്തരം വേദികളില്ല. ഉറച്ച ബിജെപി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പ്രദേശിക പാർടികൾ  ഇടതുപക്ഷവുമായി സഹകരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ടെന്ന്‌ ചോദ്യത്തിന്‌ മറുപടിയായി എസ്‌ആർപി പറഞ്ഞു. ഇത്‌ സ്വാഗതാർഹമാണ്‌. ബിജെപിയുടെ അമിതാധികാരത്തെയും ഹിന്ദു വർഗീയതയെ നേരിടാൻ കോൺഗ്രസിനാവില്ല.  കോൺഗ്രസിന്റെ ഹിന്ദുത്വ നിലപാട്‌ അംഗീകരിക്കാനാവില്ല. അടിയന്തരാവസ്ഥയിലും രാജീവ്‌ ഗാന്ധിയുടെ ഭരണ കാലത്തും കോൺഗ്രസ്‌ അമിതാധികാര വാഴ്‌ച നടത്തിയിരുന്നു. ഉദാരവത്‌കരണം നയം കൊണ്ടുവന്നത്‌ കോൺഗ്രസാണ്‌.  ഉറച്ച വർഗീയ വിരുദ്ധ നിലപാടും കോൺഗ്രസിനില്ല. അമേരിക്കൻ പക്ഷപാതിത്വ നിലപാടാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നത്‌. ബിജെപിയുടെ അതേ നയം സ്വീകരിക്കുന്ന കോൺഗ്രസുമായി യോജിച്ച്‌  പോകാനാവില്ല. ബംഗാളിൽ നിയമസഭ, പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി നീക്കുപോക്കുണ്ടാക്കിയത്‌ പാർടിക്ക്‌ ഗുണം ചെയ്‌തില്ല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക്‌ മത്സരിച്ചപ്പോൾ കരുത്ത്‌ പ്രകടിപ്പിക്കാനായെന്നും എസ്‌ആർപി പറഞ്ഞു. Read on deshabhimani.com

Related News