ശ്രീനിവാസന്‍ കൊലപാതകം: പ്രതികളെത്തിയ ബൈക്ക് കണ്ടെടുത്തു



പാലക്കാട് > ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപ്പെടുത്താനായി പ്രതികൾ എത്തിയ ബൈക്ക് കണ്ടെത്തി. പ്രതി ഒലവക്കോട് കാവിൽപ്പാട് സ്വദേശി ഫിറോസ് (33) ഉപയോ​ഗിച്ച ബൈക്ക് പട്ടാമ്പിയിൽ നിന്നാണ് കണ്ടെത്തിയത്. ഇതേ ബൈക്ക്‌ പൊളിച്ച്‌കളഞ്ഞതായി പ്രതികൾ പൊലീസിന്‌ മൊഴിനൽകിയിരുന്നു. കൊലപാതക സമയത്ത് ഫിറോസ് ധരിച്ച പാന്റ്‌സും കണ്ടെത്തി. അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ ഉപയോഗിച്ച ബൈക്കിന്‌ പകരം മറ്റൊരു ബൈക്കാണ്‌ പൊളിക്കാൻ കൊടുത്തിരുന്നതെന്നാണ്‌ പൊലീസിന്റെ കണ്ടെത്തൽ. ബൈക്ക്‌ പൊളിക്കാൻ വാങ്ങിയ ആക്രിക്കടക്കാരനെയും നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. പ്രതികളെ ചൊവ്വാഴ്ചയും കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. പ്രതികളായ ശംഖുവാരത്തോട് അബ്‌ദുൾ റഹ്മാൻ എന്ന അദ്രു (20), ഫിറോസ് എന്നിവരെ ബിഒസി റോഡ് പള്ളിത്തെരുവിലും കാവിൽപ്പാടും എത്തിച്ച് തെളിവെടുത്തിരുന്നു. അദ്രുവിനെ കഴിഞ്ഞയാഴ്‌ച കല്ലേക്കാട് മാമ്പ്ര ക്വാറിക്ക് സമീപത്തെത്തിച്ചും തെളിവെടുത്തു. അവിടെനിന്ന്‌ കൊടുവാളും കണ്ടെടുത്തു. ഇതിൽ രക്തക്കറയുണ്ടായിരുന്നു. കൊലയാളി സംഘത്തിലെ നാലുപേരും ഗൂഢാലോചനയിലും സഹായം നൽകിയവരുമായ 16 പേരുമാണ് ഇതുവരെ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പിടികൂടാനുണ്ട്. Read on deshabhimani.com

Related News