നാവികസേന 3000 കോടിയുടെ മയക്കുമരുന്ന്‌ പിടിച്ചു ; അഞ്ചുപേർ പിടിയിൽ



കൊച്ചി അറബിക്കടലിൽ നാവികസേന നടത്തിയ പരിശോധനയിൽ മീൻപിടിത്ത ബോട്ടിൽനിന്ന്‌ 300 കിലോ മയക്കുമരുന്നു പിടിച്ചു. ശ്രീലങ്കൻ സ്വദേശികളായ അഞ്ചുപേരെ കസ്‌റ്റഡിയിലെടുത്തു. ‌അന്താരാഷ്‌ട്ര വിപണിയിൽ ഇതിന്‌ 3000 കോടിയിലധികം വിലവരും. പാകിസ്ഥാനിലെ മക്രാൻ തീരത്തുനിന്നാണ്‌ ബോട്ട്‌‌ പുറപ്പെട്ടതെന്ന്‌ നാവികസേന അറിയിച്ചു. തിങ്കളാഴ്‌ച രാത്രി  സേന കപ്പലായ ഐഎൻഎസ്‌ സുവർണ  കടലിൽ പരിശോധനയ്‌ക്കിടെയാണ്‌ സംശയകരമായി ബോട്ട്‌ കണ്ടെത്തിയത്‌. സേനാ കമാൻഡോകൾ ബോട്ടിൽ കയറി പരിശോധിച്ചപ്പോഴാണ്‌ മയക്കുമരുന്ന്‌ കണ്ടെടുത്തത്‌. കസ്‌റ്റഡിയിലെടുത്തവരെ ചൊവ്വാഴ്‌ച രാവിലെ കൊച്ചി നാവിക ആസ്ഥാനത്ത് എത്തിച്ച്‌ ചോദ്യം ചെയ്‌തു. മീൻപിടിത്തബോട്ടും കൊച്ചിയിലെത്തിച്ചു. നാർകോട്ടിക്ക്‌ കൺട്രോൾ ബ്യൂറോ (എൻസിബി), കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, തീരസംക്ഷണ സേന, കേരള പൊലീസ്‌ എന്നിവർ ചോദ്യം ചെയ്‌തു. ഇവരെ എൻസിബിക്ക്‌ കൈമാറും. ‌കൊച്ചി, ശ്രീലങ്കയിലെ കൊളംബോ, മാലി ദ്വീപ്‌ എന്നിവിടങ്ങളിലേക്കാണ്‌ മയക്കുമരുന്നെന്ന്‌ കരുതുന്നു. ഇന്ത്യയിൽ തീവ്രാവാദ, ഭീകരവാദ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നവരാണോ മയക്കുമരുന്ന്‌ എത്തിച്ചതെന്ന്‌ കണ്ടെത്തേണ്ടതുണ്ടെന്ന്‌ സേനാ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞമാസം കോസ്‌റ്റ്‌ ഗാർഡിന്റെ പരിശോധനയിൽ 300 കിലോ ഹെറോയിനും തോക്കും പിടിച്ചെടുത്തിരുന്നു. Read on deshabhimani.com

Related News